SHARE

ഐപിഎൽ 2021 സീസണ് മുന്നോടിയായിട്ടുള്ള താരലേലം കഴിഞ്ഞ മാസം 18ന് ചെന്നൈയിൽ വെച്ചാണ് നടന്നത്. സൂപ്പർ താരങ്ങളെ വലിയ വിലയ്ക്ക് ടീമുകൾ വാങ്ങിയപ്പോൾ ചില പുതിയ മുഖങ്ങൾക്കും ലേലത്തിൽ വലിയ തുക കിട്ടുകയുണ്ടായി.

ക്രിസ് മോറിസ്, ഗ്ലെൻ മാക്സ്വെൽ, കൃഷ്ണപ്പ ഗൗതം എന്നിവരെ വലിയ വിലയ്ക്ക് ടീമുകൾ വാങ്ങിയപ്പോൾ ചെറിയ വിലയ്ക്ക് നിർണായക കളി പുറത്തെടുക്കാൻ കെല്പുള്ള താരങ്ങളെ സ്വന്തമാക്കാനും ചില ഫ്രാഞ്ചൈസികൾക്ക് ആയി. അത്തരത്തിൽ അൺക്യാപ്പ്ഡ് ഇന്ത്യൻ കളികാർക്ക് വേണ്ടി ലേലത്തിൽ ടീമുകൾ നടത്തിയ ഏറ്റവും മികച്ച 3 നീക്കങ്ങൾ പരിശോധിക്കാം.

1) ജലജ് സക്സേന

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ജലജ് സക്സേനയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എടുക്കേണ്ട ഇന്ത്യൻ താരങ്ങളിൽ കൃഷ്ണപ്പ ഗൗതമിനോടൊപ്പം ധോണി നിർദ്ദേശിച്ച പേരാണ് ജലജ് സക്സേനയുടേത്. ഗൗതമിനെ 9.25 കോടിക്കു ചെന്നൈ സ്വന്തമാക്കിയപ്പോൾ ഓക്ഷൻ ലിസ്റ്റിൽ നൂറാമതായി വന്ന ജലജിനെ അടിസ്ഥാന വിലയ്ക്ക് തന്നെ പഞ്ചാബ് വാങ്ങുകയായിരുന്നു.

ഈ വർഷത്തെ സയിദ് മുഷ്താഖ് അലിയിൽ കേരളത്തിനായി ഗംഭീര പ്രകടനമാണ് ജലജ് കാഴ്ച്ചവെച്ചത്.‌ഏതു സാഹചര്യത്തിലും നിർണായക വിക്കറ്റുകൾ നേടാൻ പ്രാപ്തിയുള്ള മികച്ച സ്പിന്നറാണ് ജലജ്. നിലവിൽ പഞ്ചാബിന്റെ പ്രധാന‌ സ്പിന്നറായ രവി ബിഷ്ണോയിക്ക് മികച്ച പിന്തുണ നൽകാൻ കെൽപ്പുള്ള ജലജ്, വരും സീസണിൽ ടീമിന്റെ നിർണായക താരങ്ങളിലൊരാളായേക്കും.

2) ഷെൽഡൺ ജാക്ക്സൺ

20 ലക്ഷം രൂപയ്ക്കാണ് പുതുച്ചേരിയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഷെൽഡൺ ജാക്സണെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് സ്വന്തമാക്കിയത്. ലോഫ്റ്റഡ് ഷോട്ടുകളിലൂടെ അനായാസം സിക്സറുകൾ നേടാൻ പ്രാപ്തിയുള്ള ഈ മദ്ധ്യ നിര ബാറ്റ്സ്മാൻ ടീമിന് വലിയ മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ കളിക്കാൻ സാധിക്കാതെ പോയ ഷെൽഡൺ ആ സമയം ഫിറ്റ്നസിനായി ചിലവാക്കുകയായിരുന്നു. ഫിറ്റ്നസിൽ കൈവരിച്ച പുരോഗതി ഈ വർഷത്തെ സയിദ് മുഷ്താഖ് അലി‌ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഷെൽഡണെ വളരെയധികം സഹായിച്ചു. കുറഞ്ഞ വിലക്ക് ജാക്ക്സണെപ്പോലൊരു താരത്തെ ലഭിച്ചത് കൊൽക്കത്തയ്ക്ക് ഇക്കുറി വലിയ നേട്ടം തന്നെയാണ്.

3) സച്ചിൻ ബേബി

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് മലയാളി സൂപ്പർ താരം‌ സച്ചിൻ ബേബിയെ സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും വിശ്വസ്ത ബാറ്റ്സ്മാനായ സച്ചിൻ, സമ്മർദ്ദഘട്ടത്തിൽ കളിയുടെ ഗതി മാറ്റാൻ കെല്പുള്ള താരമാണ്.

വിരാട് കോഹ്ലിക്കും എ ബി ഡിവില്ലേഴ്സിനും ശേഷം ലോവർ ഓർഡറിൽ നല്ലൊരു കളിക്കാരൻ ഇല്ലാതിരുന്ന ബാംഗ്ലൂരിന് സച്ചിന്റെ സാന്നിധ്യം കരുത്താകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ കെല്പുള്ള ഓഫ്‌ സ്പിന്നർ കൂടിയായതിനാൽ സച്ചിനെ ഇത്ര കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനായത് ബാംഗ്ലൂരിന്റെ മികച്ച നീക്കം തന്നെയായി കരുതപ്പെടുന്നു.