SHARE

കൈമുട്ടിലെ പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാത്ത ഇംഗ്ലീഷ് സ്റ്റാർ പേസർ ജോഫ്ര ആർച്ചർ യു എ ഇ യിൽ നടക്കാനിരിക്കുന്ന പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങളിൽ കളിക്കില്ലെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു‌‌‌. താരത്തിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്തയാണിത്‌.

തങ്ങളുടെ ബോളിംഗ് കുന്തമുനയായ ആർച്ചറില്ലാത്തത് ഇത്തവണത്തെ ഐപിഎല്ലിന്റെ ആദ്യ പകുതിയിലും രാജസ്ഥാന് വലിയ തിരിച്ചടി നൽകിയിരുന്നു. അതേ സമയം ആർച്ചർ രണ്ടാം പകുതിയിലും പരിക്ക് മൂലം കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ രാജസ്ഥാൻ ആരംഭിച്ചതായാണ് സൂചനകൾ. അത്തരത്തിൽ ഇംഗ്ലീഷ് സ്റ്റാർ പേസർക്ക്‌ പകരം രാജസ്ഥാന് ടീമിലേക്ക് പരിഗണിക്കാൻ കഴിയുന്ന 3 താരങ്ങളെ നോക്കാം.

1) വാനിന്ദു ഹസരംഗ

നിലവിൽ ഉജ്ജ്വല ഫോമിലുള്ള ഈ ശ്രീലങ്കൻ ഓൾ റൗണ്ടർ ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. യു എ ഇ‌യിലെ‌ സ്പിൻ അനുകൂല സാഹചര്യങ്ങളിൽ വളരെയധികം തിളങ്ങാൻ കഴിവുള്ള ‌താരമായതിനാൽ ഹസരംഗയെ ടീമിലെത്തിക്കാനായാൽ അത് രാജസ്ഥാന് ഇക്കുറി വലിയ നേട്ടമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

2) ഡേവിഡ് വില്ലി

മികച്ച വേഗതയിൽ ഇരു വശത്തേക്കും പന്ത് സ്വിംഗ് ചെയ്യിക്കാൻ കഴിവുള്ള താരമാണ് ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി. വാലറ്റത്തിറങ്ങി ചെറിയ വെടിക്കെട്ട് ബാറ്റിംഗ് നടത്താനുള്ള കെൽപ്പും താരത്തിനുണ്ട്. അത് കൊണ്ടു തന്നെ ആർച്ചർക്ക് പകരക്കാരനായി രാജസ്ഥാന് പരിഗണിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.

3) ഷെൽഡൺ കോട്രൽ

കഴിഞ്ഞ കുറച്ച് നാളുകളായി വെസ്റ്റിൻഡീസ് ദേശീയ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ഇടം കൈയ്യൻ പേസറായ ഷെൽഡൺ കോട്രൽ. പവർപ്ലേ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കെൽപ്പുള്ള കോട്രലിന് അന്താരാഷ്ട്ര ടി20 യിലും മികച്ച റെക്കോർഡാണുള്ളത്. 31കാരനായ കോട്രലിനെ ആർച്ചറിന് പകരക്കാരനായി ഇക്കുറി രാജസ്ഥാൻ നോട്ടമിടാനുള്ള സാധ്യതകൾ വളരെയധികമാണ്.