SHARE

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും മത്സരത്തിൽ പരാജയപ്പെടുന്നതിന് മുൻപ് ചെറിയൊരു ബാറ്റിംഗ് വെടിക്കെട്ട് അവർക്കായി മോയിൻ അലി പുറത്തെടുത്തിരുന്നു. ചെന്നൈയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഒ‌ൻപതാമനായി ബാറ്റിംഗിനിറങ്ങിയ മോയി‌ൻ അലി വെറും 18 പന്തുകളിൽ ‌3 ബൗണ്ടറികളും, 5 തകർപ്പൻ സിക്സറുകളുമടക്കം 43 റൺസാണ് അടിച്ചു കൂട്ടിയത്. അക്സർ പട്ടേലിനെ തുടർച്ചയായ് മൂന്ന് പന്തുകളിൽ സിക്സർ പറത്തിയതായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം അടുത്ത ദിവസം നടക്കാനിരിക്കെ മോയിൻ അലിയുടെ ഡിമാൻഡ് വർധിക്കാൻ ഈ ഇന്നിംഗ്സ് പ്രധാന പങ്ക് വഹിക്കുമെന്ന് തീർച്ച. ചെന്നൈ ടെസ്റ്റിലെ മോയിൻ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിന് പിന്നാലെ അദ്ദേഹത്തെ ഇക്കുറി ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് നോട്ടമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര രംഗത്തെത്തി.

ചെന്നൈ, മോയിൻ അലിക്ക് യോജിച്ച ഫ്രാഞ്ചൈസി ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ചോപ്ര, ചെന്നൈ നായകൻ ധോണി, മോയിൻ അലിയെപ്പോലെയുള്ള കളികാരെ ഇഷ്ടപ്പെടുന്നതായും കൂട്ടിച്ചേർത്തു. ചെന്നൈയ്ക്ക് ഒരു ഓഫ് സ്പിന്നറേയും ആവശ്യമാണെന്നും, ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ മോയിൻ നന്നായി കാണപ്പെടുമെന്നും ചോപ്ര പറഞ്ഞു നിർത്തി.

അതേ‌ സമയം കഴിഞ്ഞ മൂന്ന് സീസൺ ഐപിഎല്ലുകളിലും വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു മോയിൻ അലി. ബാംഗ്ലൂരിനായി 19 ഐപിഎൽ മത്സരങ്ങൾ കളിച്ച അലിയെ ഇക്കുറി ലേലത്തിന് മുന്നോടിയായി അവർ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. 2 കോടി രൂപ അടിസ്ഥാന വിലയുള്ള മോയിൻ അലിക്ക് ഇക്കുറി ലേലത്തിൽ വൻ ഡിമാൻഡുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.