SHARE

ഇന്ത്യക്കെതിരെ നടന്ന മൂന്ന് മത്സര ടി20 പരമ്പരയിൽ ഉജ്ജ്വല പ്രകടനമായിരുന്നു ശ്രീലങ്കൻ യുവ ഓൾ റൗണ്ടർ വാനിന്ദു ഹസരംഗ കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയ താരം ഈ ഒരു പരമ്പരയിലൂടെ ഐപിഎൽ ടീമുകളുടെയെല്ലാം ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ഐസിസിയുടെ ടി20 ബോളിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഹസരംഗയുടെ പ്രധാന ശക്തി ബോളിംഗാണെങ്കിലും ബാറ്റിംഗിലും തിളങ്ങാനുള്ള കഴിവ് ഈ ഇരുപത്തിനാലുകാരനുണ്ട്. പ

തിനാലാം സീസൺ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ പല ടീമുകൾക്കും തങ്ങളുടെ വിദേശ താരങ്ങളുടെ സേവനം നഷ്ടമാകാനുള്ള സാധ്യത കൂടുതലായതിനാൽ ഹസരംഗ പകരക്കാരനായി ഇക്കുറി ഏതെ‌ങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയിലേക്കെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അത്തരത്തിൽ അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള 3 ഫ്രാഞ്ചൈസികളെ നോക്കാം,

1) രാജസ്ഥാൻ റോയൽസ്

ഒരു മികച്ച സ്പിന്നർ ഒപ്പമില്ലാത്തതിന്റെ തിരിച്ചടി ഏറ്റവും കൂടുതൽ നേരിട്ടു കൊണ്ടിരിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. രാഹുൽ തേവാതിയയും, ശ്രേയസ് ഗോപാലുമടങ്ങുന്ന ടീമിന്റെ ഇപ്പോളത്തെ സ്പിൻ നിര ശരാശരി പ്രകടനങ്ങൾ മാത്രമാണ് പുറത്തെടുക്കുന്നത്. അത് കൊണ്ടു തന്നെ ഹസരംഗയെപ്പോലൊരു താരത്തെ ഏറ്റവുമധികം ആവശ്യവും രാജസ്ഥാന് തന്നെ. പതിനാലാം സീസൺ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ ബെൻ സ്റ്റോക്ക്സ്, ജോഫ്ര ആർച്ചർ എന്നീ വിദേശ സൂപ്പർ താരങ്ങൾ രാജസ്ഥാൻ നിരയിൽ കളിച്ചേക്കില്ല എന്നതും കണക്കിലെടുക്കുമ്പോൾ പകരക്കാരനായി ഹസരംഗയെ അവർ ടീമിലെത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

2) പഞ്ചാബ് കിംഗ്സ്

പതിനാലാം സീസൺ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ നിരാശാജനകമായിരുന്നു പഞ്ചാബ് കിംഗ്സിന്റെ പ്രകടനം. കളിച്ച എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം ജയിക്കാനായ അവർ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. രവി ബിഷ്ണോയിയെന്ന മികച്ച സ്പിന്നർ ഒപ്പമുണ്ടെങ്കിലും അദ്ദേഹത്തിന് സഹായം നൽകുന്നതിൽ മറ്റ് ബോളർമാർ അത്ര മികവ് കാട്ടുന്നില്ല. എന്നാൽ ഹസരംഗയെ ഒപ്പമെത്തിക്കാൻ കഴിഞ്ഞാൽ ഈ അവസ്ഥയിൽ മാറ്റം വരുത്താൻ പഞ്ചാബിനാകും. അത് കൊണ്ടു തന്നെ ഹസരംഗക്കായി അവർ രംഗത്തുണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

3) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

പതിനാലാം സീസൺ ഐപിഎല്ലിന്റെ ആദ്യ പാദത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന സ്പിന്നറായ യുസ്വേന്ദ്ര ചഹൽ മികവ് കാട്ടാൻ കഷ്ടപ്പെട്ടിരുന്നു. പക്ഷേ, മറ്റ് ബോളർമാർ അവസരത്തിനൊത്തുയർന്നതിനാൽ ടീമിനിത് കാര്യമായ ‌തിരിച്ചടിയായില്ല. എന്നാൽ രണ്ടാം പാദത്തിലും ചഹൽ മികവിലെത്തിയില്ലെങ്കിൽ ബാംഗ്ലൂരിന് പണി കിട്ടാൻ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ ഹസരംഗയെപ്പോലൊരു താരത്തെ ടീമിലെത്തിക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പ്. ടീമിന്റെ മറ്റൊരു പ്രധാന സ്പിന്നറായ ആദം സാമ്പ ഐപിഎല്ലിൽ ഇക്കുറി കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നതും ഹസരംഗക്കായി ബാംഗ്ലൂർ രംഗത്തെത്താനുള്ള സാധ്യതകൾ ഇരട്ടിയാക്കുന്നു. അതിനിടെ താരത്തിനായി ഫ്രാഞ്ചൈസി നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.