SHARE

മലയാളി താരം അർജുൻ നായർ മൂന്ന് വിക്കറ്റുമായി തിളങ്ങിയ ബിഗ് ബാഷ് ലീഗ് മത്സരത്തിൽ അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടറിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്ട്രൈക്കേഴ്സിന് 44 റൺസെടുത്ത അലക്സ് കാരിയുടേയും, 36 റൺസ് നേടിയ ട്രാവിസ് ഹെഡിന്റെയും പ്രകടനമാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്.

4 ഓവറുകളിൽ 36 റൺസ് വഴങ്ങിയായിരുന്നു അർജുൻ നായറുടെ മൂന്ന് വിക്കറ്റ് നേട്ടം. അലക്സ് കാരി, ട്രാവിസ് ഹെഡ്, കോളിൻ ഇൻ ഗ്രാം എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് മത്സരത്തിൽ അർജുൻ നേടിയത്. സിഡ്നി സിക്സേഴ്സുമായുള്ള ഉദ്ഘാടന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിനെ വിജയത്തിലും എത്തിച്ചിരുന്നു.

വൈവിധ്യമാർന്ന ബോളിംഗ് ആക്രമണമുള്ള സ്ട്രൈക്കേഴ്സ് നിരയ്ക്കെതിരെ മത്സരത്തിൽ വിജയം നേടാൻ തണ്ടർ ടീമിന് അല്പം അധ്വാനിക്കേണ്ടി വരും. ആദ്യ മത്സരത്തിൽ സിഡ്നി സിക്സേഴ്സ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം നേടാൻ അവർക്ക് അവസാന പന്ത് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. പീറ്റർ സിഡിലിനെയും ബില്ലി സ്റ്റാൻലേക്കിനേയും പോലുള്ള പ്രതിഭാശാലിയായ താരങ്ങൾ പന്തെറിയുന്ന അഡലെയ്ഡിനെതിരെ ആദ്യ മത്സരത്തിനേക്കാളും വലിയ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങുന്ന തണ്ടർ നിരയുടെ പ്രതീക്ഷ മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഷെയിൻ വാട്സണാണ്.