SHARE

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും മോശം ഐപിഎൽ സീസണായിരുന്നു ഇത്തവണത്തേത്. കളിച്ച സീസണുകളിലെല്ലാം പ്ലേ ഓഫിലെത്തിയതിന്റെ ഖ്യാതിയുമായി ഇക്കുറി യു എ ഇ യിലെത്തിയ ചെന്നൈ, ഏഴാം സ്ഥാനത്താണ് ഇക്കുറി ഫിനിഷ് ചെയ്തത്. ഒന്നോ രണ്ടോ താരങ്ങളൊഴിച്ച് ബാക്കിയാർക്കും തിളങ്ങാനാവാതെ പോയതായിരുന്നു ഇക്കുറി മഹേന്ദ്ര സിംഗ് ധോണിയുടെ സംഘത്തിന് വിനയായത്.

അടുത്ത സീസണിൽ ടീമിന് പുതിയ കോർ ഗ്രൂപ്പെത്തുമെന്ന് ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കിയതോടെ ഇക്കുറി ടീമിലുണ്ടായിരുന്ന ചില താരങ്ങൾക്ക് അടുത്ത സീസണ് മുൻപ് സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഇത്തരത്തിൽ അടുത്ത സീസണ് മുൻപ് ചെന്നൈ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുള്ള നാല് താരങ്ങളെ നോക്കാം,

ഈ സീസണിൽ ചെന്നൈ ടീമിൽ ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ച മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവിന് അടുത്ത വർഷം ടീമിൽ സ്ഥാനമുണ്ടാകില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. ഇക്കുറി കളിച്ച 8 മത്സരങ്ങളിൽ നിന്ന് 63 റൺസ് മാത്രം നേടാനായ ജാദവ് പല മത്സരങ്ങളിലും ഇഴഞ്ഞ് നീങ്ങിയ ബാറ്റിംഗിലൂടെ ടീമിന്റെ പ്രകടനത്തെ പിന്നോട്ടടിച്ചു.

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ നിന്ന് ചെന്നൈ ഏറ്റവുമധികം പ്രതീക്ഷയോടെ ടീമിലെടുത്ത താരമായിരുന്നു വലം കൈയ്യൻ ലെഗ് സ്പിന്നർ പീയൂഷ് ചൗള.‌ 6.75 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ താരം ദയനീയ പ്രകടനമായിരുന്നു പക്ഷേ ഇക്കുറി കാഴ്ച വെച്ചത്. സീസണിൽ 6 വിക്കറ്റുകൾ മാത്രം നേടാനായ് ചൗള, റൺസ് വിട്ടു കൊടുക്കുന്നതിലും ധാരാളിയായിരുന്നു. താരത്തെ ഒഴിവാക്കിയാൽ മികച്ചൊരു തുക ലഭിക്കുമെന്നതിനാൽ അതിന് തന്നെയാകും ചെന്നൈ വരും ലേലത്തിന് മുൻപ് ശ്രമിക്കുക‌.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നെടുന്തൂണായിരുന്ന വിൻഡീസ് ഓൾ റൗണ്ടർ ഡ്വെയിൻ ബ്രാവോയ്ക്കും അടുത്ത സീസണിൽ ചെന്നൈ നിരയിൽ സ്ഥാനമുണ്ടായേക്കില്ല. ഇക്കുറി കളിച്ച 6 മത്സരങ്ങളിൽ 7 റൺസും, 6 വിക്കറ്റുകളുമാണ് ബ്രാവോയുടെ സമ്പാദ്യം. പ്രകടനങ്ങൾ മങ്ങിയതും, ഒപ്പം പ്രായക്കൂടുതലും കണക്കിലെടുത്ത് ബ്രാവോയെ ടീമിൽ നിന്ന് ഒഴിവാക്കാനാവും വരും സീസണിൽ ചെന്നൈ ശ്രമിക്കുക.

ഐപിഎല്ലിന്റെ ആദ്യ കാലങ്ങളിൽ ചെന്നൈയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് വലം കൈയ്യൻ ഓപ്പണർ മുരളി വിജയ‌്. എന്നാൽ അതൊക്കെ പഴങ്കഥ. ഈ വർഷത്തെ താരത്തിന്റെ പ്രകടനത്തിലേക്ക് വന്നാൽ ദയനീയം എന്ന വാക്ക് ഉപയോഗിച്ചേ അതിനെ വിശേഷിപ്പിക്കാൻ കഴിയൂ. ഇക്കുറി ആദ്യ മത്സരങ്ങളിൽ മുരളി വിജയായിരുന്നു ചെന്നൈയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. 3 മത്സരങ്ങളിൽ 32 റൺസ് മാത്രം നേടാനായ അദ്ദേഹം പിന്നീട് ടീമിൽ നിന്ന് പുറത്തായി. വിജയെപ്പോലൊരു താരത്തെ ടീമിൽ വെച്ച് കൊണ്ടിരിക്കുന്നതിൽ വലിയ കാര്യമില്ലെന്ന് മനസിലാക്കിയ ചെന്നൈ മാനേജ്മെന്റ്, അടുത്ത സീസണ് മുൻപായി അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് സാധ്യത.