SHARE

പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച ക്രിക്കറ്റ് താരങ്ങളാണ് പ്രവീൺ ടാംബെയും, ക്രിസ് ഗെയിലും, ലസിത് മലിംഗയുമെല്ലാം. മറ്റുള്ളവർ വിരമിക്കുന്ന പ്രായത്തിലും ക്രിക്കറ്റിൽ മിന്നിത്തിളങ്ങിയ ഇവർക്ക് ഇതാ ഇക്കാര്യത്തിൽ ഒരു പിൻ ഗാമി കൂടി. തന്റെ നാൽപ്പത്തിരണ്ടാം വയസിൽ ഇംഗ്ലണ്ട് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഇരട്ട സെഞ്ചുറി നേടിയ ഡാരൻ സ്റ്റീവൻസ് ആണ് പ്രായത്തെ തോൽപ്പിച്ച പ്രതിഭകളുടെ കൂട്ടത്തിൽ ഏറ്റവും അവസാനമെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം യോർക്ക്ഷെയറിനെതിരെ നടന്ന മത്സരത്തിൽ കെന്റിനായി ഇരട്ട സെഞ്ചുറി നേടുമ്പോൾ 42 വയസും 7 ദിവസവുമായിരുന്നു സ്റ്റീവൻസിന്റെ പ്രായം. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടവും സ്റ്റീവൻസിന് സ്വന്തമായി. 1949 ൽ വാൾട്ടർ കീറ്റൻ സ്വന്തമാക്കിയ നേട്ടമാണ് ഡാരൻ സ്റ്റീവൻസ് ഇപ്പോൾ മറികടന്നിരിക്കുന്നത്. റെക്കോർഡ് ബാറ്റിംഗ് പുറത്തെടുത്ത മത്സരത്തിൽ 225 പന്തിൽ 237 റൺസാണ്‌ സ്റ്റീവൻസ് നേടിയത്. 28 ഫോറുകളും 9 സിക്സറുകളും ഈ ഇന്നിംഗ്സിനിടെ താരം സ്വന്തമാക്കി.

മത്സരത്തിൽ കെന്റ് 39/5 എന്ന നിലയിൽ പതറുമ്പോളായിരുന്നു സ്റ്റീവൻസ് ക്രീസിലെത്തിയത്. ടീമിന്റെ നായകനായ സാം ബില്ലിംഗ്സിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയ സ്റ്റീവൻസ് 346 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ബില്ലിംഗ്സിനൊപ്പം ചേർന്ന് പടുത്തുയർത്തിയത്. കെന്റ് ക്ലബ്ബിന്റെ ചരിത്രത്തിലെ‌ തന്നെ ഏറ്റവുമുയർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്.