SHARE

അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് പുതിയ ടീമുകൾ കൂടിയെത്തുമെന്നും ഇതോടെ 10 ടീമുകളുള്ള ടൂർണമെന്റായി ഐപിഎൽ മാറുമെന്നുമാണ് സൂചനകൾ. പുതിയ ഐപിഎൽ ടീമുകൾക്കായുള്ള ബിഡ്ഡിംഗ് പ്രക്രിയകൾ ജൂലൈ മാസത്തിൽ ആരംഭിക്കാനുള്ള പദ്ധതികളിലാണ് ബിസിസിഐ. ഈ‌ സാഹചര്യത്തിൽ പുതിയ ഐപിഎൽ ടീമുകളെ ലഭിക്കാ‌ൻ ഏറ്റവുമധികം സാധ്യതയുള്ള 5 നഗരങ്ങളെ പരിശോധിക്കുകയാണ് സ്പോർട്സ് മലയാളം.

1) അഹമ്മദാബാദ്

ഐപിഎല്ലിലെ പുതിയ ടീമുകളിലൊന്ന് അഹമ്മാദാബാദിൽ നിന്നായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്‌. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോഡി സ്റ്റേഡിയം അഹമ്മദാബാദിലാണെന്നത് ഐപിഎല്ലിൽ നിന്നൊരു ടീമിനെ ആ നഗരത്തിന് നേടിക്കൊടുക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

2) പൂനെ

പുതുതായി ഐപിഎൽ ടീമിനെ ലഭിക്കാൻ ഏറ്റവുമധികം സാധ്യതയുള്ള മറ്റൊരു നഗരമാണ് പൂനെ. മുൻപ് പൂനെയെ പ്രതിനിധീകരിച്ച് പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിംഗ് പൂനെ സൂപ്പർ ജയന്റസ് ടീമുകൾ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. പൂനെയിലുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാകും പൂനെയിൽ നിന്ന് ഐപിഎൽ ഫ്രാഞ്ചൈസി വരുകയാണെങ്കിൽ അവരുടെ ഹോം ഗ്രൗണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരുള്ള നഗരങ്ങളിലൊന്നാണ് പൂനെ. ഇതും അവിടെ നിന്ന് ഐപിഎൽ ടീം വരാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

3) ലക്നൗ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലെ ഹോം ഗ്രൗണ്ടുകളിലൊന്നാണ് ലക്നൗവിലെ ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയം. 50000 കാണികൾക്ക് മത്സരം കാണാൻ സൗകര്യമുള്ള ഈ സ്റ്റേഡിയം നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്‌. വലിയ ആരാധക പിന്തുണയിലാണ് ഇവിടെ മത്സരങ്ങൾ നടക്കാറുള്ളത്‌‌. അതിനാൽ ലക്നൗവിൽ നിന്ന് പുതിയ ഐപിഎൽ ടീം വന്നാലും അതിൽ അത്ഭുതപ്പെടാനില്ല.

4) ഇൻഡോർ

നിരവധി ഐപിഎൽ മത്സരങ്ങൾക്ക് മുൻപ് വേദിയായിട്ടുള്ള നഗരമാണ് ഇൻഡോർ. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള‌ നഗരങ്ങളിലൊന്നായ ഇൻഡോറിൽ നടക്കാറുള്ള മത്സരങ്ങളെല്ലാം വലിയ വിജയമാകുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2011 ലെ ഐപിഎല്ലിൽ കൊച്ചി ടസ്കേഴ്സ് കേരളയുടെ രണ്ടാം ഹോം ഗ്രൗണ്ടായിരുന്നു ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം. പഞ്ചാബ് കിംഗ്സും ഇൻഡോറിൽ തങ്ങളുടെ ഹോം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇൻഡോറിന് പുതിയ ഐപിഎൽ ടീമിനെ ലഭിക്കുകയാണെങ്കിൽ ഹോൾക്കർ സ്റ്റേഡിയമായിരിക്കും അവിടെ നിന്നുള്ള ‌ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ട്.

5) കൊച്ചി

കൊച്ചിയിൽ നിന്ന് ഒരിക്കൽക്കൂടി ഐപിഎൽ ടീമുണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 2011 ൽ ഐപിഎൽ കളിച്ച, കൊച്ചി ടസ്കേഴ്സ് കേരള കൊച്ചി ആസ്ഥാനമായി വന്ന ടീമായിരുന്നു. എന്നാൽ ഒരു വർഷം മാത്രമാണ് അവർക്ക് ഐപിഎല്ലിൽ കളിക്കാനായത്. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ബിസിസിഐ, കൊച്ചി ഫ്രാഞ്ചൈസിയെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതോടെ കൊച്ചിയിലെ ഐപിഎൽ മത്സരങ്ങൾക്കും അവസാനമായി‌. കൊച്ചിയിൽ നിന്ന് പുതിയ ഐപിഎൽ ഫ്രാഞ്ചൈസി വരുകയാണെങ്കിൽ കലൂരിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാകും ടീമിന്റെ ഹോം ഗ്രൗണ്ട്. തിരുവനന്തപുരം ആസ്ഥാനമാക്കി ഐപിഎൽ ടീം വരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്തെ അന്താരാഷ്ട്ര സ്റ്റേഡിയമായ സ്പോർട്സ് ഹബിന്റെ അധികൃതരും, കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം അത് സംഭവിക്കാൻ സാധ്യതയില്ല.