SHARE

ലോകത്തെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ടി20 ലീഗാണ് ഐപിഎൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസരം ലഭിക്കുന്നതും അവിടെ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതും ഏതൊരു താരത്തിന്റേയും കരിയറിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌‌. അന്താരാഷ്ട്ര ക്രിക്കറ്റിലെ പേരും പെരുമയോടെയുമെത്തി ഐപിഎല്ലിൽ ഫ്ലോപ്പായ ഒട്ടേറെ കളികാരെ നമുക്കറിയാം. അതു പോലെ‌ തന്നെ യാതൊരു പെരുമയുമില്ലാത്ത കളികാർ ഐപിഎല്ലിലൂടെ സൂപ്പർ താര പരിവേഷത്തിലേക്കുയരുന്നതിനും നാം സാക്ഷ്യം വഹിച്ചു.‌ ഇന്ന് ഇവിടെ നാം പരിശോധിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡുണ്ടായിട്ടും ഐപിഎല്ലിൽ ഫ്ലോപ്പായ 5 സൂപ്പർ താരങ്ങളെയാണ്‌.

1) ആരോൺ ഫിഞ്ച്

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്മാരിലൊരാളാണ് പരിമിത ഓവർ മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ നായകൻ കൂടിയായ ആരോൺ ഫിഞ്ച്. 71 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 2346 റൺസ് സ്കോർ ചെയ്തിട്ടുള്ള ഈ വലം കൈ ബാറ്റ്സ്മാന് പക്ഷേ ഐപിഎല്ലിൽ ഇതു വരെ പ്രതീക്ഷിച്ച മികവിലേക്കുയരാൻ കഴിഞ്ഞിട്ടില്ല. 8 വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി കളിച്ചിട്ടുള്ള ഒരേയൊരു താരമായ ഫിഞ്ച് ഐപിഎല്ലിൽ 87 മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത് 2005 റൺസ് മാത്രം.

2) മാർട്ടിൻ ഗപ്തിൽ

അന്താരാഷ്ട്ര ടി20 യിൽ ന്യൂസിലൻഡിനായി കളിച്ച 102 മത്സരങ്ങളിൽ 2939 റൺസാണ് ഓപ്പണിംഗ് ബാറ്റ്സ്മാനായ ഗപ്തിലിന്റെ സമ്പാദ്യം. എന്നാൽ ഐപിഎല്ലിലാകട്ടെ ആ മികവ് തുടരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. സൺ റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്,‌ പഞ്ചാബ് കിംഗ്സ് എന്നിവർക്കായി ഐപിഎല്ലിൽ കളിച്ച ഗപ്തിലിന് ടൂർണമെന്റിൽ നേടാനായത് 13 മത്സരങ്ങളിൽ നിന്ന് 270 റൺസ് മാത്രം.

3) കോളിൻ മൺറോ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മറ്റൊരു സൂപ്പർ താരമാണ് ന്യൂസിലൻഡിന്റെ കോളിൻ മൺറോ. അന്താരാഷ്ട്ര തലത്തിൽ കളിച്ച 65 ടി20 മത്സരങ്ങളിൽ മൂന്ന് സെഞ്ചുറികളുൾപ്പെടെ 1724 റൺസ് നേടിയ മൺ റോക്ക്, 13 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 177 റൺസ് മാത്രമാണ് നേടാനായിട്ടുള്ളത്. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും, ഡെൽഹി ക്യാപിറ്റൽസിനായും താരം കളിച്ചിട്ടുണ്ട്.

4) ഓയിൻ മോർഗൻ

അന്താരാഷ്ട്ര തലത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും ഐപിഎല്ലിൽ പ്രതീക്ഷിച്ച മികവിലേക്കുയരാൻ കഴിഞ്ഞിട്ടില്ലാത്ത‌ വിദേശ താരങ്ങളിൽ പ്രധാനിയാണ് ഇംഗ്ലണ്ട് നായകനായ ഓയി‌ൻ മോർഗൻ. 2010 ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച മോർഗന് 2020 സീസണിലൊഴിച്ച് ടൂർണമെന്റിൽ തിളങ്ങാനായിട്ടില്ല. പാതി വഴിയിൽ വെച്ചു നിർത്തി വെച്ച ഈ വർഷത്തെ ഐപിഎല്ലിൽ 7 മത്സരങ്ങളിൽ നിന്ന് 92 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

5) ഗ്ലെൻ മാക്സ്‌വെൽ

ഐപിഎല്ലിൽ എല്ലാ വർഷവും വലിയ പ്രതീക്ഷകളോടെയെത്തി താൻ കളിക്കുന്ന‌ ടീമുകളേയും, ആരാധകരേയും തുടർച്ചയായി നിരാശപ്പെടുത്തുന്ന കളികാരനാണ് ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ. 2014 ൽ പഞ്ചാബിന് വേണ്ടി കളിച്ചപ്പോളും, ഈ വർഷത്തെ ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടിയും മാത്രമാണ് താരം പ്രതീക്ഷിച്ച മികവിലേക്കുയർന്നത്. ബാക്കി സീസണുകളിലെല്ലാം ശരാശരിയോ, ശരാശരിയിലും താഴ്ന്നതോ ആയ പ്രകടനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.