SHARE

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതു വരെ കിരീടം നേടാൻ കഴിയാത്ത ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആദ്യ സീസൺ മുതൽ അവർക്കൊപ്പം കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കും ഐപിഎൽ കിരീടം നേടാനായിട്ടില്ലെന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ.! ഐപിഎല്ലിലെ ഏറ്റവും ഭാഗ്യംകെട്ട ടീമുകളിലൊന്നായി വിശേഷിക്കപ്പെടുന്ന ബാംഗ്ലൂരിൽ കളിച്ചിട്ടുള്ള ചില താരങ്ങൾ അവിടെ നിന്ന് മറ്റു ടീമുകളിലേക്ക് പോയതിന് ശേഷം ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ബാംഗ്ലൂർ വിട്ടതിന് ശേഷം ഐപിഎൽ കിരീടം നേടിയ അഞ്ച് സൂപ്പർ താരങ്ങളെ നോക്കാം.

1) ജാക്വസ് കാലിസ്

ഐപിഎല്ലിന്റെ ആദ്യ മൂന്ന്‌ സീസണുകളിലായിരുന്നു ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്വസ് കാലിസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ചത്. 2011 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി ബാംഗ്ലൂർ, കാലിസിനെ ടീമിൽ നിന്ന് റിലീസ് ചെയ്യുകയും, തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിൽ നിന്ന് താരത്തെ സ്വന്തമാക്കുകയുമായിരുന്നു. 2012 ലും 2014 ലും കൊൽക്കത്ത ഐപിഎൽ കിരീടം ഉയർത്തുമ്പോൾ ടീമിന്റെ പ്രധാന താരമായി കാലിസുണ്ടായിരുന്നു.

2) മനീഷ് പാണ്ടെ

2009 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയ മനീഷ് പാണ്ടെയെ 2010 സീസണ് ശേഷം അവർ ടീമിൽ നിന്നൊഴിവാക്കുകയായിരുന്നു. തുടർന്നുള്ള 3 സീസണുകളിൽ പൂനെ വാരിയേഴ്സിനായി കളിച്ച പാണ്ടെയെ 2014 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിക്കുകയും അവർക്കൊപ്പം ആ വർഷത്തെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയുമായിരുന്നു.

3) യുവരാജ് സിംഗ്

2014 ലായിരുന്നു യുവരാജ് സിംഗിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്തിച്ചത്. ആ സീസണ് ശേഷം അവർ അദ്ദേഹത്തെ ടീമിൽ നിന്നൊഴിവാക്കുകയും താരത്തെ ഡെൽഹി ഫ്രാഞ്ചൈസി ലേലത്തിൽ നിന്ന് സ്വന്തമാക്കുകയുമായിരുന്നു. 2015 ൽ ഡെൽഹിക്ക് വേണ്ടി കളിച്ച യുവി, 2016 ൽ സൺ റൈസേഴ്സ് ഹൈദരാബാദിലെത്തുകയും അവർക്കൊപ്പം ആ വർഷത്തെ ഐപിഎൽ കിരീടം നേടുകയും ചെയ്തു. 2019 ലെ തന്റെ അവസാന ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം അദ്ദേഹം ഒരിക്കൽക്കൂടി ഐപിഎൽ ട്രോഫിയിൽ മുത്തമിട്ടു.

4) ഷെയിൻ വാട്സൺ

2016, 2017 സീസണിലായിരുന്നു ഓസ്ട്രേലിയൻ സൂപ്പർ താരമായിരുന്ന ഷെയിൻ വാട്സൺ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിച്ചത്. 2018 ലെ‌ മെഗാ താരലേലത്തിന് മുന്നോടിയായി ബാംഗ്ലൂർ അദ്ദേഹത്തെ ടീമിൽ നിന്നൊഴിവാക്കി. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ വാട്സൺ അവർക്കൊപ്പം 2018 ൽ ഐപിഎൽ കിരീടം സ്വന്തമാക്കി.

5) ക്വിന്റൺ ഡി കോക്ക്

2018 ലാണ് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജേഴ്സിയണിഞ്ഞത്. ഈ സീസണ് ശേഷം ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസിലേക്ക് അദ്ദേഹത്തെ ട്രേഡ് ചെയ്യുകയായിരുന്നു. 2019 ൽ മുംബൈ ഇന്ത്യൻസിലെത്തിയ ഡി കോക്ക്, ആ വർഷവും, തൊട്ടടുത്ത വർഷവും ഐപിഎൽ കിരീടങ്ങളിൽ മുത്തമിട്ടു.