SHARE

പതിമൂന്ന് സീസണുകൾ പിന്നിട്ട ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതേ വരെ കിരീടം നേടാൻ കഴിയാത്ത മൂന്ന്‌ ടീമുകളിലൊന്നാണ് ഡെൽഹി ക്യാപിറ്റൽസ്. യു എ ഇ‌യിൽ നടന്ന കഴിഞ്ഞ ഐപിഎല്ലിൽ ഫൈനലിലെത്തിയതാണ് ഇതു വരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം. ടീം ശക്തമാക്കുന്നതി‌ന്റെ ഭാഗമായി ഇക്കുറി ലേലത്തിൽ നിന്ന് സ്റ്റീവ് സ്മിത്ത്, ടോം കറൻ, സാം ബില്ലിംഗ്സ്, വിഷ്ണു വിനോദ് എന്നിവരെ ഡെൽഹി സ്വന്തമാക്കിയിരുന്നു.‌ വരാനിരിക്കുന്ന ഐപിഎൽ സീസൺ ശ്രേയസ് അയ്യറിന്റെ കീഴിൽ തങ്ങളുടെ കന്നി ഐപിഎൽ കിരീടം സ്വന്തമാക്കാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണെന്നാണ് ഡെൽഹി ആരാധകർ വിശ്വസിക്കുന്നത്. അതിന് കുറച്ച് കാരണങ്ങളുമുണ്ട്.

ഡെൽഹി ക്യാപിറ്റൽസിന് ഇക്കുറി ഐപിഎൽ കിരീടം നേടാൻ കഴിയുമെന്ന് ആരാധകരെ വിശ്വസിപ്പിക്കുന്ന അഞ്ച് കാരണങ്ങളിതാ,

1) ഋഷഭ് പന്തിന്റെ മികച്ച ഫോം

ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ ഋഷഭ് പന്തിന്റെ സമീപകാല ഫോം ഡെൽഹി ക്യാപിറ്റൽസിന് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുത്തു കൊണ്ടിരിക്കുന്ന മിന്നും ഫോം വരുന്ന ഐപിഎല്ലിലും തുടരാൻ പന്തിനായാൽ ഡെൽഹിക്ക് ഇക്കുറി തങ്ങളുടെ കന്നി ഐപിഎൽ കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാകും. നിലവിലെ പന്തിന്റെ ഫോം ഡെൽഹിയുടെ ഇത്തവണത്തെ ഐപിഎൽ കിരീട സാധ്യതകൾ ഉയർത്തിക്കഴിഞ്ഞു.

2) തകർപ്പ‌ൻ സ്പിൻ നിര

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്പിൻ ബോളിംഗ് കുന്തമുനകളായ രവിചന്ദ്രൻ അശ്വിനും, അക്സർ പട്ടേലുമാണ് ഐപിഎല്ലിൽ ഡെൽഹിയുടെ പ്രധാന സ്പിന്നർമാർ. ഇവർക്ക് പുറമേ സീനിയർ താരം അമിത് മിശ്രയും ചേരുന്നതോടെ ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിൻ നിരയുള്ള‌ ടീമായി ഡെൽഹി മാറു‌ന്നു. ഇന്ത്യയിലെ സ്പിൻ അനുകൂല‌ സാഹചര്യങ്ങൾ ഏറ്റവും നന്നായി മുതലാക്കാൻ കഴിവുള്ള 3 സ്പിന്നർമാർ ടീമിലുള്ളത് ഇക്കുറി ഡെൽഹിയുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു.

3) ദക്ഷിണാഫ്രിക്കൻ പേസ് ജോഡിയുടെ സാന്നിധ്യം

ദക്ഷിണാഫ്രിക്കൻ പേസ് ജോഡിയായ കാഗിസോ റബാഡ, ആൻറിച്ച് നോർക്കിയ എന്നിവരുടെ സാന്നിധ്യം ഡെൽഹിയുടെ പേസ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിനെയും സുശക്തമാക്കുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് ജേതാവായിരുന്ന റബാഡ, കഴിഞ്ഞ 3 സീസണുകളിലും ടീമിനായി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ക്രിസ് വോക്സിന് പകരക്കാരനായി പോയ സീസണിൽ ടീമിലേക്ക് വന്ന നോർക്കിയ 22 വിക്കറ്റുകളോടെ സീസണിലെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു. ഇരുവർക്കും ഇക്കുറിയും തിളങ്ങാനായാൽ ഡെൽഹിക്ക് കാര്യങ്ങൾ എളുപ്പമാകും.

4) ശക്തമായ ഇന്ത്യൻ നിര

ഐപിഎല്ലിലെ ഏറ്റവും ശക്തമായ ഇന്ത്യൻ താരനിരയുള്ള ടീമാണ് ഡെൽഹി. ശിഖാർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, ആർ അശ്വിൻ, അക്സർ പട്ടേൽ, അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ്മ, അമിത് മിശ്ര, ഉമേഷ് യാദവ് എന്നിവർ അണിനിരക്കുന്ന ഡെൽഹിക്ക് വിദേശ താരങ്ങളില്ലാതെ പോലും ശക്തമായ ടീമിനെ കളത്തിലിറക്കാൻ കഴിയും. അതി ശക്തമായ ഇന്ത്യൻ കോർ, ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

5) ഓപ്പണർമാരുടെ ഫോം

ശിഖാർ ധവാനും, പൃഥ്വി ഷായുമാണ് ഡെൽഹി ക്യാപിറ്റൽസിന്റെ ഒന്നാം നമ്പർ ഓപ്പണർമാർ. ഇതിൽ ഷായുടെ മോശം ഫോം കഴിഞ്ഞ സീസണിൽ ടീമിന് വലിയ തലവേദന നൽകിയിരുന്നു. എന്നാൽ സമീപകാലത്ത് അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലേക്ക് പൃഥ്വി ഷാ തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ഓപ്പണിംഗുമായി ബന്ധപ്പെട്ട് ഡെൽഹിക്കുണ്ടായിരുന്ന തലവേദനയ്ക്ക് ഒരു പരിധി വരെ പരിഹാരമായി. ഫോമിലെത്തിക്കഴിഞ്ഞാൽ ധവാനും, ഷായും എത്രത്തോളം അപകടം വിതയ്ക്കുമെന്ന് 2019 ൽ നാം കണ്ടതാണ്‌. നിലവിൽ മികച്ച ഫോമിലുള്ള ഇരുവരും ഐപിഎല്ലിലും അത് തുടരുകയാണെ‌ങ്കിൽ ഡെൽഹിയുടെ കിരീട യാത്ര ഇക്കുറി സുഗമമാകും.