SHARE

ഐപിഎല്ലിൽ ഇതു വരെ കിരീടം നേടാൻ കഴിയാത്ത ടീമാണ് പഞ്ചാബ് കിംഗ്സ്. 2014 ൽ ഫൈനലിലെത്തിയതാണ് ഇതു വരെയുള്ള അവരുടെ ഏറ്റവും മികച്ച നേട്ടം.‌ വൻ തുക മുടക്കി കളികാരെ സ്വന്തമാക്കുന്ന തിൽ മുന്നിലാണെങ്കിലും അവരെല്ലാം മൈതാനത്ത് കളി മറക്കുന്നതാണ് പഞ്ചാബിന് എല്ലായ്പ്പോളും വിനയാവുന്നത്. ഇത്തവണയും ഐപിഎൽ ലേലത്തിൽ പണം വാരിയെറിഞ്ഞ് കളികാരെ സ്വന്തമാക്കിയ പഞ്ചാബ് തങ്ങളുടെ കന്നി ഐപിഎൽ കിരീടമാണ് ഈ വർഷം ലക്ഷ്യമിടുന്നത്.

കെ എൽ രാഹുലിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇക്കുറി ടീമിന് കിരീട നേട്ടത്തിലെത്താൻ കഴിയുമെന്ന് ആരാധകരും ഉറച്ച് വിശ്വസിക്കുന്നു. പഞ്ചാബ് കിംഗ്സ് ഇക്കുറി കന്നി ഐപിഎൽ കിരീടം സ്വന്തമാക്കും എന്ന് ആരാധകരെ വിശ്വസിപ്പിക്കുന്ന 5 കാരണങ്ങളിതാ.

1) തകർപ്പൻ ഓപ്പണിംഗ് നിര

കെ എൽ രാഹുലും, മയങ്ക് അഗർവാളും ചേർന്നുള്ള തകർപ്പൻ ഓപ്പണിംഗ് ജോഡി പഞ്ചാബിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു നായകൻ കൂടിയായിരുന്ന കെ എൽ രാഹുൽ.‌ മയങ്ക് അഗർവാളും ഉജ്ജ്വല പ്രകടനമാണ് യു എ ഇ യിൽ പുറത്തെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇക്കുറിയും ഇവർക്ക് തിളങ്ങാനായാൽ പഞ്ചാബ് ഇത്തവണ ഐപിഎല്ലിൽ മുന്നോട്ട് കുതിക്കും

2) സ്ഫോടനാത്മകമായ ഫിനിഷർമാരുടെ സാന്നിധ്യം

തകർപ്പ‌ൻ ഫിനിഷർമാരുടെ സാന്നിധ്യം പതിനാലാം എഡിഷൻ ഐപിഎല്ലിൽ പഞ്ചാബിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.‌ വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുറാനും, ഇക്കുറി ലേലത്തിൽ നിന്ന് ടീം സ്വന്തമാക്കിയ തമിഴ്നാട് താരം ഷാരൂഖ് ഖാനുമാകും മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള ഉത്തരവാദിത്വം. ഇരുവരും ക്ലീൻ ഹിറ്റർമാരാണെന്നതിനാൽ ഇക്കുറി ഫിനിഷിംഗിൽ ടീം
അതിശക്തരാണ്. ഇത് ടീമിനെ കിരീടത്തിലേക്ക് കുതിക്കാൻ സഹായിക്കും.

3) മികച്ച സ്പിൻ ദ്വയം

കഴിഞ്ഞ വർഷം യു എ ഇ യിൽ നടന്ന ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ഏറ്റവും വലിയ പോസിറ്റീവ് അവരുടെ സ്പിൻ നിരയുടെ പ്രകടനമായിരുന്നു. മുരുഗൻ അശ്വിനും, രവി ബിഷ്ണോയും ചേർന്നുള്ള സ്പിൻദ്വയം 22 വിക്കറ്റുകളാണ് 2020 സീസണിൽ വീഴ്ത്തിയത്. ഇത്തവണ ഐപിഎൽ നടക്കുന്നത് ഇന്ത്യയിലെ സ്പിൻ അനുകൂല‌സാഹചര്യങ്ങളിലാണ് എന്നതിനാൽ മികച്ച ഫോമിലുള്ള ഈ സ്പിന്നർമാരുടെ സാന്നിധ്യം പഞ്ചാബിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു‌.

4) മികച്ച വിദേശ പേസർമാരുടെ സാന്നിധ്യം

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ പ്രധാനമായും തങ്ങളുടെ പേസ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ശക്തമാക്കാനാണ് പഞ്ചാബ് കിംഗ്സ് ശ്രമിച്ചത്. ഇതിന്റെ ഫലമായി വൻ തുകയ്ക്ക് ജൈ റിച്ചാർഡ്സൺ, റിലെ മെറിഡിത്ത് എന്നീ വിദേശ പേസർമാർ ടീമിലെത്തി. ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇരുവരുടേയും സാന്നിധ്യം ഇക്കുറി പഞ്ചാബിന്റെ പേസ് നിരയെ അതിശക്തമാകുന്നു. ബിഗ് ബാഷ് ലീഗിൽ പുറത്തെടുത്ത മികവ് വരുന്ന ഐപിഎല്ലിലും ഈ താരങ്ങൾക്ക് ആവർത്തിക്കാൻ കഴിഞ്ഞാൽ ഇത്തവണ പഞ്ചാബ് തകർക്കും.

5) ക്രിസ് ഗെയിലിന്റെ സാന്നിധ്യം

പഞ്ചാബ് കിംഗ്സിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിന്റെ സാന്നിധ്യമാണ്. ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ഗെയിലിന് യു എ ഇ യിൽ നടന്ന കഴിഞ്ഞ സീസൺ ഐപിഎല്ലിന്റെ രണ്ടാം പകുതിയിൽ മാത്രമാണ് അവസരം ലഭിച്ചത്. കളിക്കാനിറങ്ങിയ മത്സരങ്ങളിലാവട്ടെ മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. ഈ പ്രകടനങ്ങൾ ഇക്കുറിയും ഗെയിൽ തുടർന്നാൽ പഞ്ചാബ് തങ്ങളുടെ കന്നി ഐപിഎൽ കിരീടത്തിലേക്ക് കുതിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.