SHARE

പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് വീണ്ടും കായികലോകത്തിന് കാണിച്ച് കൊടുത്ത് ജെയിംസ് മോസസ് എന്ന ബോട്സ്വാനിയൻ ക്രിക്കറ്റ് താരം. ത‌ന്റെ അൻപത്തിനാലാം വയസിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായാണ് താരം ചരിത്രമെഴുതിയിരിക്കുന്നത്. അന്താരാഷ്ട്ര ടി20 കളിക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടം ഇപ്പോൾ മോസസിന് സ്വന്തമാണ്.

ഉഗാണ്ടയ്ക്കെതിരെ ഈ വർഷം മെയ് 20 ന് നടന്ന ടി20 മത്സരത്തിൽ കളിച്ചായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ മോസസിന്റെ അരങ്ങേറ്റം. തുടർന്ന് ഇത് വരെ മൂന്ന് ടി20 മത്സരങ്ങളിലാണ് അദ്ദേഹം ബോട്സ്വാന ജേഴ്സിയണിഞ്ഞത്. ഇപ്പോൾ നമീബിയക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ബോട്സ്വാന ടീമിലും മോസസ് കളിക്കുന്നുണ്ട്. വലത് കൈയ്യൻ ബാറ്റ്സ്മാനും, വലത് കൈയ്യൻ മീഡിയം പേസറുമാണ് ജെയിംസ് വാൾട്ടൺ നഥാനിയേൽ മോസസ് എന്ന ജെയിംസ് മോസസ്. 1965 ഓഗസ്റ്റ് എട്ടാം തീയതി ആന്റിഗ്വയിൽ ജനിച്ച മോസസ്, ഇനിയുംവർഷങ്ങളോളം ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കാനുള്ള പദ്ധതികളിലാണ്.