SHARE

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ മാരക ബോളിംഗ് സ്പെൽ. പതിനഞ്ച് പന്തുകൾക്കിടെ 4 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയാണ് ട്രെന്റ് ബോൾട്ട്, സമീപകാലത്തെ ഏറ്റവും മികച്ച ബോളിംഗ് സ്പെല്ലുകളിലൊന്ന് കാഴ്ച വെച്ചത്. ബോൾട്ടിന്റെ മാസ്മരിക‌ ബോളിംഗ് പ്രകടനത്തിൽ തകർന്ന ശ്രീലങ്ക 94/4 എന്ന നിലയിൽ നിന്ന് 104 റൺസിൽ പുറത്താവുകയും ചെയ്തു.

നന്നായി കളിച്ചു വരികയായിരുന്ന റോഷൻ സിൽവയെ പുറത്താക്കിയാണ് ബോൾട്ട് തന്റെ ആക്രമണം തുടങ്ങിയത്. തന്റെ തൊട്ടടുത്ത ഓവറിൽ മൂന്ന് വിക്കറ്റുകൾ അദ്ദേഹം പിഴുതു. നിറോഷാൻ ഡിക്ക് വെല്ല, ദിൽ റൂവൻ പെരേര, സുരംഗ ലക്മൽ എന്നിവരാണ് പുറത്തായത്. ഇതിന് ശേഷമുള്ള ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ബോൾട്ട്, ശ്രീലങ്കൻ ബാറ്റിംഗിനെ ചുരുട്ടിക്കെട്ടുകയായിരുന്നു‌. ശ്രീലങ്കയുടെ അവസാന 4 ബാറ്റ്സ്മാന്മാരെ പൂജ്യത്തിനാണ് ബോൾട്ട് പുറത്താക്കിയത്. ഈ നാല് പേരും പുറത്തായത് വിക്കറ്റിന് മുന്നിൽ കുരുങ്ങിയും.