SHARE
.

ഈ മാസാവസാനം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഉള്ളയാളാണ് കേദാർ ജാദവ്. എന്നാൽ ഈ സീസൺ ഐപിഎല്ലിനിടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായ ജാദവിന്റെ തോളിൽ പരിക്ക്‌ പറ്റി. ഈ പരിക്കിനെത്തുടർന്ന് താരം ലോകകപ്പ് ടീമിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

മെയ് 22 ആണ് ലോകകപ്പ് ടീമുകൾ തങ്ങളുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ടതിനുള്ള അവസാന തീയതി‌‌. ഈ സമയത്തിനുള്ളിൽ ജാദവിന് പരിക്കിൽ നിന്ന് മോചിതനാകാനായില്ലെങ്കിൽ പകരം താരത്തെ ടീമിലെടുക്കാൻ ടീം ഇന്ത്യ നിർബന്ധിതരാവും. ഇപ്പോളത്തെ അവസ്ഥയിൽ ജാദവിന്റെ പരിക്ക് ഭേദമാകുമോ എന്ന കാര്യം ഉറപ്പ് പറയാനാകില്ല.

കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കും, വെസ്റ്റിൻഡീസിനുമെതിരെയുള്ള പരമ്പരകൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിക്കാൻ ദേശീയ സെലക്ടർമാർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ജാദവിന്റെ ലോകകപ്പ് സ്ഥാനത്തെ ക്കുറിച്ചും ചർച്ച നടന്നു. ജാദവ് പരിക്കിൽ നിന്ന് മോചിതനായില്ലെങ്കിൽ അക്സർ പട്ടേലോ, അമ്പാട്ടി റായുഡുവോ അദ്ദേഹത്തിന് പകരം ടീമിലെത്തുമെന്ന് യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്. അക്സർ പട്ടേലിനെ ജാദവിന് പകരക്കാരനായി പരിഗണിക്കുന്നതാണ് ക്രിക്കറ്റ് പ്രേമികൾക്ക് അല്പം അമ്പരപ്പ് നൽകുന്നത്. അതേ സമയം അക്സർ പട്ടേലും, അമ്പാട്ടി റായുഡുവും ജാദവിനെപ്പോലെ പന്തും എറിയും എന്നതാണ് ഇവരെ അദ്ദേഹത്തിന് പകരക്കാരായി പരിഗണിക്കുന്നതിന് കാരണം.