SHARE

2014 ൽ‌ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ‌ ആകെ പിറന്ന ഗോളുകളുടെ എണ്ണം 900 ആയി‌. ഞായറാഴ്ച എടികെ യ്ക്കെതിരെ നടന്ന മത്സരത്തിൽ ജംഷദ്പൂരിന്റെ മാരിയോ ആർകസാണ് ടൂർണമെന്റ് ചരിത്രത്തിലെ 900-മത്തെ ഗോൾ കണ്ടെത്തിയത്. എല്ലാ സീസണുകളിലും സ്ഥിരമായി 100 ഗോളുകളിലധികം പിറക്കാറുള്ള ഐ എസ് എല്ലിൽ, ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തിലേക്ക് ഉയർന്നപ്പോൾ ഗോളെണ്ണവും വർധിച്ചു.

270 താരങ്ങളാണ് ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ഇത് വരെ ഗോൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 29 ഗോളുകൾ നേടിയ എഫ് സി ഗോവയുടെ ഫെറാൻ കോറോയാണ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. പൂനെ സിറ്റിയുടെ ഇയാൻ ഹ്യൂം 28 ഗോളുകളോടെ ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തുണ്ട്. ഇത് വരെ ഒരു ഗോൾകീപ്പർ പോലും ഐ എസ് എല്ലിൽ ഗോൾ കണ്ടെത്തിയിട്ടില്ല. ആദ്യ മൂന്ന് സീസണുകളിൽഎട്ട് ടീമുകളായിരുന്നു ഐ എസ് എല്ലിലുണ്ടായിരുന്നത്. പിന്നീട് പത്ത് ടീമുകളാക്കി ലീഗ് ഉയർത്തി.‌ ഇതോടെ ഗോളെണ്ണത്തിലും വലിയ വർധനവ് വന്നു‌. എടികെ താരം ഫിക്രു ടെഫേരയാണ് ഐ എസ് എല്ലിലെ ആദ്യ ഗോൾസ്കോറർ. എടികെ യുടെ തന്നെ ലൂയിസ് ഗാർഷ്യ അൻപതാം ഗോളും, ഗോവൻ താരമായിരുന്ന റോമിയോ ഫെർണാണ്ടസ് നൂറാം ഗോളും നേടി.