SHARE

സെഞ്ചുറിക്ക് ഒരു റൺസകലെ നിൽക്കുമ്പോൾ ഓവറുകൾ അവസാനിക്കുക. ഒരു ബാറ്റ്സ്മാനെ സംബന്ധിച്ച് വളരെ സങ്കടകരമായ അവസ്ഥയാണ് അത്. അങ്ങനെയൊരു അവസ്ഥയിലാണ് ഹിമാചൽ പ്രദേശ് താരം പ്രശാന്ത് ചോപ്ര ഇപ്പോളുള്ളത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ഹിമാചൽ പ്രദേശിന്റെ താരമായ ചോപ്ര ഇന്ന് ഹരിയാനയുമായി നടന്ന മത്സരത്തിൽ നേടിയത് 99 റൺസ്. സെഞ്ചുറിയിലേക്ക് ഒരു റണ്ണിന്റെ മാത്രം അകലമുണ്ടായിരുന്ന താരത്തിന് ഓവറുകൾ അവസാനിച്ചത് അർഹിച്ച സെഞ്ചുറി നഷ്ടമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹിമാചലിന് പ്രശാന്ത് ചോപ്രയും സഹ ഓപ്പണർ അങ്കുഷ് ബെയിൻസും കൂടി വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 15 പന്തിൽ നിന്ന് 31 റൺസെടുത്ത ബെയിൻസ് പുറത്തായതിന് ശേഷവും മികച്ച പ്രകടനം തുടർന്ന ചോപ്ര 64 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളടക്കം 99 റൺസാണ് മത്സരത്തിൽ നേടിയത്. അവസാന ഓവറിൽ താരം സെഞ്ചുറിയിലേക്ക് എത്തുമെന്ന് കാണികൾ പ്രതീക്ഷിച്ചെങ്കിലും 99 റൺസ് വരെയെത്താനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട പ്രശാന്ത് ചോപ്ര കഴിഞ്ഞ രഞ്ജി സീസണിലും വേഗത്തിൽ ബാറ്റ് ചെയ്ത് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരുന്നു. പഞ്ചാബുമായി നടന്ന രഞ്ജി മത്സരത്തിന്റെ ആദ്യ ദിനം 271 റൺസ് സ്കോർ ചെയ്ത ചോപ്ര രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു. ആ മത്സരത്തിൽ 338 റൺസ് നേടിയ ഈ ഇരുപത്തിയഞ്ചുകാരൻ ഹിമാചൽ പ്രദേശിന് വേണ്ടി ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും തന്റെ പേരിലാക്കിയിരുന്നു.