SHARE

2022 ലെ ഐപിഎൽ മെഗാലേലത്തിൽ വൻ അഴിച്ചു പണിക്കൊരുങ്ങുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദെന്ന് ടീമിന്റെ വെസ്റ്റിൻഡീസ് സൂപ്പർ താരം കാർലോസ് ബ്രാത്ത്വൈറ്റ്. ധാരാളം മികച്ച യുവ കളികാരുള്ള ടീമാണ് ഹൈദരാബാദെന്നും, ടീം അവരുടെ യുവ താരങ്ങൾക്ക് വേണ്ടി റൈറ്റ് ടു മാച്ച് കാർഡ് (ആർ ടി എം) കാർഡ് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, ഉമ്രാൻ മാലിക്കിനെപ്പോലുള്ള ഹൈദരാബാദിന്റെ യുവ താരങ്ങളെ പേരെടുത്ത് പ്രശംസിക്കുകയും ചെയ്തു.

അടുത്ത സീസണ് മുന്നോടിയായി ഹൈദരാബാദ് ടീമിൽ നിലനിർത്തേണ്ട താരങ്ങൾ ആരൊക്കെയാണെന്നും ഇ എസ് പി എൻ ക്രിക്കിൻഫോയോട്‌ സംസാരിക്കവെ ബ്രാത്ത്വൈറ്റ് പറഞ്ഞു. നിലവിൽ ടീമിന്റെ നായകനായ കെയിൻ വില്ല്യംസണേയും, അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനെയും ഹൈദരാബാദ് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്ന വിൻഡീസ് താരം, ജേസൺ ഹോൾഡറേയും ടീം റിട്ടെയിൻ ചെയ്യണമെന്ന ആഗ്രഹവും വെളിപ്പെടുത്തി.

“കെയിൻ വില്യംസണെ ക്യാപ്റ്റനാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അദ്ദേഹത്തെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിൽ നിലനിർത്തണം. റാഷിദ് ഖാനെ ഉറപ്പായും നിലനിർത്തും. തീർച്ചയായും ജേസൺ ഹോൾഡറും ഈ കൂട്ടത്തിലുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” ഹോൾഡർ പറഞ്ഞു നിർത്തി.

അതേ സമയം ഐപിഎല്ലിൽ ഇക്കുറി ദയനീയ പ്രകടനമാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റേത്. കളിച്ച 12 മത്സരങ്ങളിൽ 10 എണ്ണത്തിലും പരാജയപ്പെട്ട അവർ വെറും 4 പോയിന്റുമായി, പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.