SHARE

കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറാൻഡ് കപ്പിലെ ബെം​ഗളുരു യുണൈറ്റഡും ആർമി റെഡും തമ്മിൽ നടക്കാനിരുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം റദ്ദാക്കി.ആർമി ക്യാംപിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് നാളെ നടക്കാനിരുന്ന മത്സരം റദ്ദാക്കിയത്. ഇതോടെ ബെം​ഗളുരു സെമിയിലേക്ക് യോ​ഗ്യത നേടി.

നാളെ കല്യാണി സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധിനയിലാണ് ആർമി സ്ക്വാഡിൽ കോവിഡ‍് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണന്ന് ആർമി ടീം അറിയിച്ചു. ഇതേത്തുടർന്ന് ബെം​ഗളുരു യുണൈറ്റഡിന് സെമിയിലേക്ക് ബൈ കിട്ടുകയും ചെയ്തു.

അതേസമയം തന്നെ എഫ്സി ​ഗോവയും ഡെൽഹി എഫ്സിയും തമ്മിലുള്ള ക്വാർട്ടർ പോരാട്ടവും സംശയത്തിലാണ്. മത്സരം നിശ്ചയിച്ചിരിക്കുന്ന ​ഗ്രൗണ്ടിന്റെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ​ഗോവ. മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്നാണ് ​ഗോവയുടെ ആവശ്യം. അത് അം​ഗീകരിച്ചില്ലെങ്കിൽ ഒരുപക്ഷെ ​ഗോവയും ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കും.