SHARE

ലോക ക്രിക്കറ്റിലെ ഏറ്റവുംമികച്ച ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലിയും, എബി ഡിവില്ലിയേഴ്സുമടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് ടീമാണ് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിനുള്ളത്. ഈ ബാംഗ്ലൂരിനെതിരെ കളിക്കുമ്പോളൊക്കെ മിന്നുംബോളിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമാണ് രാജസ്ഥാൻ റോയൽസിന്റെ വലം കൈയ്യൻ ലെഗ് സ്പിന്നർ ശ്രേയസ് ഗോപാൽ. ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിലും ബാംഗ്ലൂർ മുൻ നിരയെ തകർത്തത് ഗോപാലായിരുന്നു.

വലംകൈയ്യൻ ലെഗ് സ്പിന്നറായ ഗോപാൽ മൂന്ന് മത്സരങ്ങളാണ് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കളിച്ചിട്ടുള്ളത്. ഈ മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ വിരാട് കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കിയ അദ്ദേഹം രണ്ട് തവണ എബി ഡിവില്ലിയേഴ്സിനേയും വീഴ്ത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മൂന്ന് ഐപിഎൽ മത്സരങ്ങളിൽ 12 ഓവറുകളെറിഞ്ഞ ഗോപാൽ 5.55 ബോളിംഗ് ശരാശരിയിൽ 9 വിക്കറ്റുകളാണ് വീഴ്ത്തിയത്.

കോഹ്ലിപ്പടയ്ക്കെതിരെ, ഗോപാലിന്റെ എക്കോണമി റേറ്റ് 4.16 മാത്രമാണ്. 2018 ൽ ചിന്നസ്വാമിയിൽ വെച്ച് നടന്ന‌ പോരാട്ടത്തിൽ കോഹ്ലി, ഡിവില്ലിയേഴ്സ്, പാർത്ഥിവ് പട്ടേൽ എന്നിവരെ ഗോപാൽ വീഴ്ത്തി. 2018 ൽ ഇരു ടീമുകളും തമ്മിൽ ജയ്പൂരിൽ ഏറ്റുമുട്ടിയപ്പോൾ 16 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് താരം പിഴുതത്. ഇത്തവണ പാർത്ഥിവ്, മോയിൻ അലി, മന്ദീപ് സിംഗ്, കോഹ്ലി എന്നിവരെയായിരുന്നു ഗോപാൽ മടക്കി അയച്ചത്‌.