റയൽ ആരാധകരുടെ പരിഹാസത്തിൽ നിരാശനായി സൂപ്പർ താരം ഗാരത് ബെയിൽ. കഴിഞ്ഞ ദിവസം റയലിന്റെ മൈതാനത്ത് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിനിടെയാണ് ഒരു വിഭാഗം റയൽ ആരാധകർ ബെയിലിനെ അപമാനിച്ചത്. മത്സരത്തിനിടെ സബ് വിളിച്ചതോടെ കളം വിടുന്നിനിടെയാണ് സൂപ്പർ താരത്തെ കൂകിവിളിച്ചതും പരിഹസിച്ചത്.
ഈ സീസൺ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടുപോയതോടെ, ടീമിന്റെ പ്രതീക്ഷയായി വിലയിരുത്തിയ പ്രധാന കളിക്കാരിലൊരാളായിരുന്നു ബെയിൽ. എന്നാൽ പതിവുപോലെ പരിക്കിനെത്തുടർന്ന് സ്ഥിരമായി കളിക്കാൻ പോലും വെയിൽസ് താരത്തിന് സാധിച്ചില്ല. ഇതിനൊപ്പം ക്ലബിന്റെ മോശം പ്രകടനം കൂടിയായതോടെ ആരാധകർ ബെയിലിന് നേരെ തിരിഞ്ഞു. ആരാധകരുടെ പ്രതികരണം ബെയിലിനെ കടുത്ത നിരാശയിലാഴ്ത്തിയെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം തന്നെ ആരാധകരുടെ പ്രവർത്തിയൽ ബെയിലിന്റെ ഏജന്റ് ജൊനാഥൻ ബാർനെറ്റ് കടുത്ത എതിർപ്പ് അറിയിച്ചു. നാണം കെട്ട പ്രവർത്തിയാണ് ആരാധകർ നടത്തിയതെന്ന് ബാർനെറ്റ് തുറന്നടിച്ചു. അതേസമയം തന്നെ ബെയിൽ റയൽ വിടുകയാണെന്നുള്ള അഭ്യൂഹങ്ങളെല്ലാം ബാർനെറ്റ് തള്ളിക്കളഞ്ഞു.