SHARE

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പാതി ഘട്ടം പിന്നിട്ട സമയത്തായിരുന്നു ദിനേഷ് കാർത്തിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാർത്തിക്ക് സ്വമേധയാ ക്യാപ്റ്റൻസിയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് ഇംഗ്ലീഷ് താരം ഓയിൻ മോർഗനായിരുന്നു കൊൽക്കത്തയെ നയിച്ചത്. പക്ഷേ മോർഗന് നായക സ്ഥാനത്ത് അത്ര കണ്ട് തിളങ്ങാനായില്ലെന്ന് മാത്രമല്ല, കൊൽക്കത്തയെ ഇക്കുറി പ്ലേ ഓഫിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇപ്പോളിതാ ദിനേഷ് കാർത്തിക്ക് ടീമിന്റെ നായക സ്ഥാനം സ്വമേധയാ ഒഴിഞ്ഞത് തന്നെയാണോയെന്ന് സംശയമുയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമറ്റേറ്ററുമായ ആകാശ് ചോപ്ര. ടൂർണമെന്റിലെ ആദ്യ 7 മത്സരങ്ങളിൽ 4 ജയം നേടിയിരുന്ന കൊൽക്കത്തയ്ക്ക് ഇതേ പ്രകടനം രണ്ടാം പകുതിയിലും ആവർത്തിച്ചിരുന്നുവെങ്കിൽ പ്ലേ ഓഫിലെത്താമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, പാതി വഴിയിൽ ദിനേഷ് കാർത്തിക്ക് ക്യാപ്റ്റൻസിയിൽ നിന്ന് സ്വയം ഒഴിവാകുകയായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെന്നും, എന്നാൽ അദ്ദേഹം അങ്ങനെ ചെയ്യുമായിരുന്നോ എന്ന് സംശയത്തോടെ ചോദിക്കുന്നു.

കാർത്തിക്കിന് പകരം ടീമിന്റെ നായകനായെത്തിയ ഓയി‌ൻ മോർഗന്റെ കീഴിൽ കൊൽക്കത്തയുടെ പ്രകടനങ്ങൾ മെച്ചപ്പെട്ടോ എന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിക്കുന്ന ചോപ്ര, മോർഗൻ ശരിയായ ക്യാപ്റ്റനായിരുന്നുവോ എന്നതിൽ തനിക്ക് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി.