SHARE

ഈയാഴ്ച യു എ ഇ യിൽ ആരംഭിക്കാനിരിക്കുന്ന പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സാധ്യത ഇലവനെ തിരഞ്ഞെടുത്ത് പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധൻ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ഈ ടീമിനെ ചോപ്ര തിരഞ്ഞെടുത്തത്.

വിൻഡീസ് താരം സുനിൽ നരൈനേയും, ഇന്ത്യൻ യുവ സൂപ്പർ താരം ശുഭ്മാൻ ഗില്ലിനേയുമാണ് ഇക്കുറി കൊൽക്കത്തയുടെ ഓപ്പണർമാരായി ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നത്‌. നിതീഷ് റാണയെ മൂന്നാം സ്ഥാനത്ത് ചൂണ്ടിക്കാട്ടുന്ന ചോപ്ര, ദിനേഷ് കാർത്തിക്ക്, ഓയിൻ മോർഗൻ, ആന്ദ്രെ റസൽ എന്നിവരെയാണ് യഥാക്രമം നാല് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ചൂണ്ടിക്കാട്ടുന്നത്. റിങ്കു സിംഗ്/സിദ്ധേഷ് ലഡ്ഡ്/രാഹുൽ തൃപാതി എന്നിവരിൽ ഒരാൾ ഇക്കുറി കൊൽക്കത്തയുടെ ഏഴാം നമ്പരിൽ കളിക്കണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ പക്ഷം.

മൂന്ന് പേസർമാരെയും, ഒരു സ്പിന്നറെയുമാണ് താൻ തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ ഇലവനിൽ ആകാശ് ചോപ്ര ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പാറ്റ് കമ്മിൻസ്, പ്രസിദ് കൃഷ്ണ, കുൽദീപ് യാദവ് എന്നീ ബോളർമാർ ഉറപ്പായും ടീമിൽ വേണമെന്ന് ചൂണ്ടിക്കാട്ടുന്ന ‌ചോപ്ര, ശിവം മാവി/കംലേഷ് നാഗർകൊട്ടി / സന്ദീപ് വാര്യർ എന്നിവരിൽ ഒരാൾ ശേഷിക്കുന്ന പേസ് ബോളിംഗ് സ്ഥാനത്ത് കളിക്കണമെന്നും നിർദ്ദേശിക്കുന്നു.