SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതേ വരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ടീമാണ് ഡെൽഹി‌. ഇത്തവണ ആദ്യമായി ഐപിഎൽ ഫൈനലിലെത്തിയ അവർ പക്ഷേ കലാശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു‌. ഇത്തവണ ഫൈനലിലെത്തിയെങ്കിൽ അടുത്ത തവണ അത് കിരീട നേട്ടമാക്കി മാറ്റുകയെന്നതാണ് ഡെൽഹിയുടെ അടുത്ത ‌ലക്ഷ്യം. അതിനായി ടീമിൽ ചില അഴിച്ചു പണികൾ അവർ നടത്തുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ അടുത്ത സീസണ് മുമ്പ് ഐപിഎല്ലിലെ മെഗാ താരലേലമുണ്ടാകുമെങ്കിൽ ടീമിൽ വലിയ അഴിച്ചു പണികൾക്ക് അവർ നിർബന്ധിതരാവും. നിലവിൽ ടീമിലുള്ള പലതാരങ്ങളേയും അവർക്ക് നഷ്ടമാവുകയും ചെയ്യും. ഇപ്പോളിതാ അടുത്ത വർഷം മെഗാ താര ലേലമുണ്ടാകുമെങ്കിൽ ഏതൊക്കെ താരങ്ങളെ ഡെൽഹി ടീമിൽ നിലനിർത്തണമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ചോപ്ര ഇക്കാര്യത്തിൽ മനസ് തുറന്നത്.

അഞ്ച് താരങ്ങളെ നിലനിർത്താനുള്ള ഓപ്ഷൻ ലഭ്യമാണെങ്കിൽ മൂന്ന് ഇന്ത്യൻ താരങ്ങളേയും, 2 വിദേശ താരങ്ങളേയും ഡെൽഹി ടീമിൽ നിലനിർത്തണമെന്നാണ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ താരങ്ങളിൽ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, നായകൻ കൂടിയായ ശ്രേയസ് അയ്യർ എന്നിവരേയും, വിദേശ താരങ്ങളിൽ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡ എന്നിവരേയും ഡെൽഹി നിലനിർത്തണമെന്നാണ് ചോപ്ര പറയുന്നത്.