SHARE

2019 ൽ ആരംഭിച്ച പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഈ മാസം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തോടെ അവസാനമാവുകയാണ്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ച ഒരു പറ്റം മത്സരങ്ങൾ പിറന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ ഇപ്പോളിതാ ഈ ചാമ്പ്യൻഷിപ്പിലെ‌ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ താരങ്ങൾ കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ചാമ്പ്യൻഷിപ്പിന്റെ മികച്ച ഇലവനെ ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 1030 റൺസ് സ്കോർ ചെയ്ത ഇന്ത്യയുടെ രോഹിത് ശർമ്മയേയും, 999 റൺസ് നേടിയ ശ്രീലങ്കയുടെ ദിമുത് കരുണരത്നയേയുമാണ് താൻ തിരഞ്ഞെടുത്ത മികച്ച ഇലവന്റെ ഓപ്പണർമാരായി ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരെയാണ് ഈ ഇലവനിലെ യഥാക്രമം 3, 4 സ്ഥാനങ്ങളിലേക്ക് ചോപ്ര തിരഞ്ഞെടുത്തത്‌. അഞ്ചാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ കെയിൻ വില്ല്യംസണും, ആറാമത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സുമെത്തും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ഒട്ടേറെ വിജയങ്ങൾ സമ്മാനിച്ച യുവ താരം ഋഷഭ് പന്തിനെയാണ് ഈ ഇലവന്റെ വിക്കറ്റ് കീപ്പറായി ചോപ്ര തിരഞ്ഞെടുക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 70 വിക്കറ്റുകൾ നേടിയ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസിനെ എട്ടാമനായും, 67 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനെ ഒൻപതാം നമ്പരിലേക്കും ആകാശ് ചോപ്ര തിരഞ്ഞെടുത്തു‌. ഇംഗ്ല‌ണ്ടിന്റെ സ്റ്റുവാർട്ട് ബ്രോഡ്, ന്യൂസിലൻഡിന്റെ ടിം സൗത്തി എന്നിവരും ചോപ്രയുടെ ഈ ടീമിലുണ്ട്.