SHARE

ഐപിഎല്ലിൽ ഇന്ന് നടക്കാനിരിക്കുന്ന ഡെൽഹി ക്യാപിറ്റൽസ്- സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടേയും സാധ്യതാ ഇലവൻ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ചോപ്ര ഈ‌ ടീമുകളുടെ‌ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയത്.

ശിഖാർ ധവാനും, പൃഥ്വി ഷായും ചേർന്ന് ഡെൽഹിയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. നായകൻ ഋഷഭ് പന്ത് മൂന്നാമതും, ശ്രേയസ് അയ്യർ നാലാമതും കളിക്കണമെന്ന് പറയുന്ന ചോപ്ര, ഷിംറോൺ ഹെറ്റ്മെയർ, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ എന്നിവർ തുടർന്നുള്ള മൂന്ന് സ്ഥാനങ്ങളിൽ കളിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. വെറ്ററൻ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ എട്ടാം നമ്പരിലെത്തണമെന്ന് അഭിപ്രായപ്പെടുന്ന ചോപ്ര, കാഗിസോ റബാഡ, ആൻറിച്ച് നോർക്കിയ, ആവേശ് ഖാൻ എന്നിവരെയാണ് ടീമിന്റെ മൂന്ന് പേസർമാരായി തിരഞ്ഞെടുക്കുന്നത്‌.

അതേ സമയം സൺ റൈസേഴ്സ് ഹൈദരാബാദിനായി ഡേവിഡ് വാർണറും, വൃദ്ധിമാൻ സാഹയും ചേർന്ന് ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്നാണ് ആകാശ് ചോപ്രയുടെ പക്ഷം. മനീഷ് പാണ്ടെയെ മൂന്നാമതും, നായകൻ കെയിൻ വില്ല്യംസണെ നാലാം നമ്പരിലും ചൂണ്ടിക്കാട്ടുന്ന ചോപ്ര, പ്രിയം ഗർഗ്/അഭിഷേക് ശർമ്മ എന്നിവരിലൊരാൾ അഞ്ചാം നമ്പരിലും, വിജയ് ശങ്കർ/അബ്ദുൾ സമദ് എന്നിവരിലൊരാൾ ആറാം നമ്പരിലും കളിക്കണമെന്ന് പറയുന്നു. വിൻഡീസ് സൂപ്പർ താരം ജേസൺ ഹോൾഡറെ ടീമിന്റെ ഏഴാം നമ്പരിലും, അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെ എട്ടാം നമ്പരിലും ചൂണ്ടിക്കാട്ടുന്ന ആകാശ് ചോപ്ര ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ്മ, ടി നടരാജൻ എന്നിവരെയാണ് ടീമിന്റെ ഫാസ്റ്റ് ബോളർമാരായി തിരഞ്ഞെടുക്കുന്നത്.