SHARE

വരും സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ നടപ്പിലാക്കേണ്ട അഞ്ച് മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ആകാശ് ചോപ്ര. പ്ലേയിംഗ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണത്തിൽ അടുത്ത സീസൺ മുതൽ മാറ്റം വരണമെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, ബോണസ് പോയിന്റ് സംവിധാനവും ഐപിഎല്ലിൽ നടപ്പിലാക്കണമെന്ന പക്ഷക്കാരനാണ്. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ഐപിഎല്ലിൽ താൻ കാണാൻ ആഗ്രഹിക്കുന്ന അഞ്ച് മാറ്റങ്ങൾ ചോപ്ര ചൂണ്ടിക്കാട്ടിയത്.

10 ഓവറുകൾക്ക് മുൻപ് മത്സരം വിജയിക്കുന്ന ടീമുകൾക്ക് ഇനി മുതൽ ബോണസ് പോയിന്റ് നൽകണമെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, പ്ലേയിംഗ് ഇലവനിൽ പരമാവധി അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്താൻ ടീമുകളെ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നു‌. 90 മിനുറ്റിനുള്ളിൽ ഇന്നിംഗ്സ് പൂർത്തിയാക്കാൻ കഴിയാത്ത ബോളിംഗ് ടീമുകൾ ശേഷിക്കുന്ന ഓവറുകളിൽ ഒരു അധിക ഫീൽഡറെക്കൂടി സർക്കിളിനുള്ളിൽ നിർത്തേണ്ടത് നിർബന്ധമാക്കേണ്ടതുണ്ടെന്നും, താരങ്ങളുടെ പരിക്ക് വിവരങ്ങളെക്കുറിച്ച് ഫ്രാഞ്ചൈസികൾ മതിയായ അപ്ഡേറ്റ് നൽകണമെന്നും ഇതിനൊപ്പം പറയുന്ന ചോപ്ര, മോശം അമ്പയർമാരെ ടൂർണമെന്റിൽ നിന്ന് പറഞ്ഞു വിടണമെന്നും കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ ആകാശ് ചോപ്ര നിർദ്ദേശിക്കുന്ന അഞ്ച് മാറ്റങ്ങൾ ഇങ്ങനെ,

1) വലിയ വിജയങ്ങൾക്ക് (10 ഓവറിനുള്ളിൽ നേടുന്ന വിജയങ്ങൾക്ക്) ബോണസ് പോയിന്റ് നൽകണം.

2) പ്ലേയിംഗ് ഇലവനിൽ പരമാവധി ഉൾപ്പെടുത്താൻ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം അഞ്ചാക്കി ഉയർത്തണം

3) ഫ്രാഞ്ചൈസികൾ, എല്ലാ കളികാരുടേയും പരിക്ക് വിവരങ്ങളേയും, ലഭ്യതകളേയും കുറിച്ച് സുതാര്യമായ അപ്ഡേറ്റുകൾ നൽകണം.

4) അമ്പയറിംഗ് നിലവാരം മെച്ചപ്പെടുത്താൻ കർശനമായ നിയമങ്ങൾ കൊണ്ടു വരണം. തങ്ങളുടെ ജോലി ശരിയായ വിധത്തിൽ ചെയ്യാത്ത അമ്പയർമാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കണം.

5) ഓവർ റേറ്റ് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് പുതിയ ശിക്ഷാ രീതി കൊണ്ടു വരണം. ഒരിന്നിംഗ്സ് പൂർത്തിയാക്കാൻ ടീമുകൾക്ക് 90 മിനുറ്റ് സമയം നൽകണം.‌ ഇതിലും കൂടുതൽ സമയം 20 ഓവർ പൂർത്തിയാക്കാനെടുക്കുന്ന ബൗളിംഗ് ടീമുകൾക്ക് വൈകിയെറിയുന്ന ഓവറുകളിൽ ഒരു അധിക ഫീൽഡറെക്കൂടി 30 വാര സർക്കിളിനുള്ളിൽ നിർത്തേണ്ടത് അനിവാര്യമാക്കണം.