SHARE

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിലൊരാളാണ് ആരോൺ ഫിഞ്ച്. പരിമിത ഓവർ ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ നായകൻ കൂടിയായ അദ്ദേഹം, ആക്രമണകാരിയായ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്‌. ബോളർമാരുടെയെല്ലാം പേടി സ്വപ്നമായ ഫിഞ്ച് ഇപ്പോളിതാ കരിയറിൽ തനിക്ക് ഏറ്റവുമധികം ബുദ്ധിമുട്ട് സമ്മാനിച്ച ബോളർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു‌.

നിലവിൽ തന്റെ കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലെ വീട്ടിലുള്ള ഫിഞ്ച് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി ഒരു ക്വസ്റ്റിൻ ആൻസർ സെഷൻ സംഘടിപ്പിച്ചിരുന്നു. ഈ സെഷനിടെ ആരാധകരിൽ ഒരാൾക്ക് ഫിഞ്ചിനോട് ചോദിക്കാനുണ്ടായിരുന്നത് കരിയറിൽ നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിച്ച ബോളർ ആരെന്നതായിരുന്നു. മുൻ പാക് സ്പിന്നർ സയീദ് അജ്മലിന്റെ പേരായിരുന്നു ഈ ചോദ്യത്തിന് ഫിഞ്ച് ഉത്തരം നൽകിയത്. അതേ സമയം തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളറായി സയീദ് അജ്മലിനെ, ഫിഞ്ച് തിരഞ്ഞെടുത്തത് ക്രിക്കറ്റ് പ്രേമികൾക്ക് യാതൊരു തരത്തിലുള്ള ഞെട്ടലുകളും സമ്മാനിച്ചില്ല‌. കാരണം ഇതിന് മുൻപ് ലോകോത്തര ബാറ്റ്സ്മാന്മാരായ ഫാഫ് ഡുപ്ലെസിസ്, കുമാർ സംഗക്കാര, ജോ റൂട്ട് എന്നിവരും അജ്മലിനെ നേരിടുന്നത് വളരെയധികം ബുദ്ധിമുട്ട് നൽകിയിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

അതേ സമയം ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളറായിരുന്നു‌ സയീദ് അജ്മൽ. 35 ടെസ്റ്റുകളും, 113 ഏകദിനങ്ങളും, 64 ടി20 മത്സരങ്ങളും പാകിസ്ഥാനായി കളിച്ച അജ്മൽ, ടെസ്റ്റിൽ 178 വിക്കറ്റുകളും, ഏകദിനത്തിൽ 184 വിക്കറ്റുകളും, ടി20 യിൽ 85 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2017 ലാണ് എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും അദ്ദേഹം വിരമിച്ചത്.