SHARE

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് അടുത്ത സീസണിലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുമെന്നുറപ്പായി. ഇന്ന് നടന്ന താരങ്ങളുടെ ഡ്രാഫ്റ്റിൽ നിന്ന് ലാഹോർ ക്വലാണ്ടേഴ്സ് ടീമാണ് ഡിവില്ലിയേഴ്സിനെ സ്വന്തമാക്കിയത്. പ്ലാറ്റിനം ക്യാറ്റഗറിയിലുണ്ടായിരുന്ന ഡിവില്ലിയേഴ്സിനെ സ്വന്തമാക്കാൻ കഴിഞ്ഞത് വരും സീസണിൽ ലാഹോറിന് വലിയ രീതിയിൽ ഗുണം ചെയ്യും.

എബി ഡിവില്ലിയേഴ്സിന് പുറമേ പാക് ഓൾ റൗണ്ടർ മൊഹമ്മദ് ഹഫീസിനേയും, വെസ്റ്റിൻഡീസ് ടി20 നായകൻ കാർലോസ് ബ്രാത്ത് വൈറ്റിനേയും ലാഹോർ ടീം ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഈ വർഷം മെയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലിയേഴ്സ് താൻ തുടർന്നും വിവിധ ടി20 ലീഗുകളിൽ കളിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന സാൻസി സൂപ്പർ ലീഗിൽ കളിച്ച് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് ടീമായ ഷ്വെയിൻ സ്പാർട്ടൻസിന്റെ നായകൻ കൂടിയായ ഡിവില്ലിയേഴ്സ് നിലവിൽ മികച്ച ഫോമിലാണുള്ളത്.