SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയൻ സൂപ്പർ താരം ജോഷ് ഫിലിപ്പ് തന്റെ കരിയറിലെ ആദ്യ നാളുകൾ ഓർമ്മപ്പെടുത്തുന്നതായി‌ എബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ആപ്പിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരമായ ഡിവില്ലിയേഴ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

താൻ കരിയറിലെ ആദ്യ നാളുകളിൽ എങ്ങനെ യായിരുന്നുവോ, അതു പോലെ തന്നെയാണ് ഇപ്പോൾ ജോഷ് ഫിലിപ്പും കളിക്കുന്നതെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. “ഈ എഡിഷൻ ഐപിഎല്ലിൽ ഞങ്ങൾക്കൊപ്പം, മറ്റുള്ളവർക്കുള്ളതിനേക്കാൾ മികച്ച ചില താരങ്ങളുണ്ട്. ഞങ്ങൾക്ക് ഫിഞ്ചുണ്ട്, മോയിൻ അലിയുണ്ട്, ആദം സാമ്പയുണ്ട്, ജോഷ് ഫിലിപ്പുണ്ട്. ജോഷുമായി ഒത്തുചേരാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു. ഞാൻ എന്റെ ചെറുപ്പത്തിൽ കളിച്ചിരുന്ന രീതിയും അദ്ദേഹം ഇപ്പോൾ കളിക്കുന്ന രീതിയും തമ്മിൽ വളരെയധികം സാമ്യതകൾ ഞാൻ കാണുന്നു. ഞാൻ ജോഷിനെക്കുറിച്ച് ഓർക്കുമ്പോൾ ഏറെ ആവേശത്തിലാണ്. സിഡ്നി സിക്സേഴ്സിനായി അദ്ദേഹം കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ വളരെ‌ കഴിവുകളുള്ള താരമാണ്‌. ഗിൽക്രിസ്റ്റ് അദ്ദേഹത്തെക്കുറിച്ച് നല്ല കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്‌.” ഡിവില്ലിയേഴ്സ് പറഞ്ഞു.

-Advertisement-

അതേ സമയം ഓസ്ട്രേലിയൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമെന്ന് വിശേഷിക്കപ്പെടുന്ന താരമാണ് ജോഷ് ഫിലിപ്പ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഈ ഇരുപത്തിമൂന്നുകാരൻ ഇതു വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലെങ്കിലും, ബിഗ് ബാഷ് ലീഗിലടക്കം‌ തകർപ്പൻ പ്രകടന‌ങ്ങൾ കാഴ്ച വെച്ച് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.