SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ എട്ടാം മത്സരത്തിൽഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മത്സരത്തിന് മുൻപേ തിരിച്ചടി. വൈറൽ പനി ബാധിച്ച സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് മുംബൈക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിലായതാണ് അവർക്ക് തലവേദന നൽകുന്നത്. പനിയെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന അവസാന മത്സരത്തിലും ഡിവില്ലിയേഴ്സ് കളിച്ചിരുന്നില്ല.

ഡിവില്ലിയേഴ്സ് ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ബാംഗ്ലൂർ ടീമിന്റെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതേ വരെ വന്നിട്ടില്ല. ഈ വർഷത്തെ ഐപിഎല്ലിൽ തകർപ്പൻ ഫോമിലുള്ള ഡിവില്ലിയേഴ്സിന് കളിക്കാനാവാതെ വന്നാൽ ബാംഗ്ലൂർ ബാറ്റിംഗ് ദുർബലമാകാൻ സാധ്യതയുണ്ട്. അഥവാ പനിയിൽ നിന്ന് മോചിതനായി ഡിവില്ലിയേഴ്സ് കളിക്കുകയാണെങ്കിൽ ബ്രണ്ടൻ മക്കല്ലമോ, കോളിൻ ഗ്രാൻഡ് ഹോമോ പുറത്തിരിക്കേണ്ടി വരും.

അതേ സമയം പോയിന്റ് പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിലുള്ള മുംബൈക്കും, ബാംഗ്ലൂരിനും ഇന്നത്തെ മത്സരം അതീവ നിർണായകമാണ്. ഒരു തോൽവി ടൂർണമെന്റിലെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നതിനാൽ വിജയം നേടാൻ ഇരു ടീമുകളും ഇന്ന് കിണഞ്ഞ് പരിശ്രമിക്കും.‌ ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് എട്ടിനാണ് മത്സരം.