SHARE

ഗൗരവ് കപൂർ അവതരിപ്പിക്കുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ ഏറ്റവും അവസാനം പങ്കെടുത്ത സൂപ്പർ താരമാണ് എബി ഡിവില്ലിയേഴ്സ്. താൻ‌ തന്റെ ക്രിക്കറ്റ് കരിയറിൽ ഇതേ വരെ വെളിപ്പെടുത്താത്ത പല സംഭവങ്ങളെക്കുറിച്ചും ഈ പരിപാടിയിൽ ഡിവില്ലിയേഴ്സ് മനസ് തുറന്നു. അതിലൊന്നായിരുന്നു അദ്ദേഹം ദേശീയ ടീമിന്റെ ക്യാപ്റ്റൻസിയിലേക്ക് എത്തിയത് എങ്ങനെയാണെന്നത്.

2011 ലെ ഏകദിന ലോകകപ്പിന്‌ ശേഷം ഗ്രെയിം സ്മിത്ത് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോളായിരുന്നു‌ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്ക‌ൻ ടീമിന്റെ നായക സ്ഥാനത്തേക്കെത്തിയത്. എബിയെ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് അന്ന് പുതുതായി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗാരി കിർസ്റ്റണും. അന്ന് തന്നോട് ക്യാപ്റ്റനാകാൻ കിർസ്റ്റൺ പറഞ്ഞത് ഒരിക്കലും മറക്കാനാവാത്ത സംഭവമാണെന്ന് പറയുന്ന ഡിവില്ലിയേഴ്സ് ഇങ്ങനെ കൂട്ടിച്ചേർത്തു. “ന്യൂസിലൻഡിലെ വെല്ലിംഗ്ടണിൽ വെച്ചായിരുന്നു ഈ ‌സംഭവം. ഗാരി കിർസ്റ്റണാണ് തന്നെ ക്യാപ്റ്റനാക്കിയത്. അന്ന് വെല്ലിംഗ്ടണിൽ വെച്ച് അദ്ദേഹം തന്നോട് ഇതേക്കുറിച്ച് സംസാരിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവില്ല.

-Advertisement-

അന്ന് തന്നെ വിളിച്ച കിർസ്റ്റൺ ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന് തന്നോട് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിനരികിലെത്തിയ എന്നെയും കൂട്ടി കിർസ്റ്റൺ ഹാർബറിനരികിലൂടെ നടന്നു. അന്ന് നടക്കുന്നതിനിടയിലാണ് എന്നെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കിർസ്റ്റൺ പറഞ്ഞത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. നിങ്ങൾ കാര്യമായാണോ ഇത് പറയുന്നതെന്ന് ഞാൻ ഗാരിയോട് ചോദിച്ചു. എന്നാൽ അദ്ദേഹം താൻ ക്യാപ്റ്റനാകുന്ന കാര്യം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.” ഡിവില്ലിയേഴ്സ് പറഞ്ഞുനിർത്തി.

അതേ സമയം ദക്ഷിണാഫ്രിക്കൻ ടീമിനെ 103 ഏകദിനങ്ങളിലാണ് ഡിവില്ലിയേഴ്സ് നയിച്ചത്. ഇതിൽ 60.10℅ മത്സരങ്ങളിലും ടീം വിജയിച്ചു. 2015 ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ സെമിയിലെത്തിച്ചതാണ് ക്യാപ്റ്റനെന്ന നിലയിൽ ഡിവില്ലിയേഴ്സിന്റെ പ്രധാന നേട്ടം. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ഡിവില്ലിയേഴ്സ് 2017 ൽ ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചിരുന്നു.