SHARE

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വി​ദേശ ക്രിക്കറ്റ് താരങ്ങളിൽ ആദ്യത്തെ പേരുകാരിലൊളാകും ഏബി ഡിവില്ലിയേഴ്സ് എന്നത് ഉറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷവും ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ ഡിവില്ലിയേഴ്സിന് ഇന്ത്യയിൽ കൂറ്റൻ ആരാധകവൃന്ദമുണ്ട്.

ഐപിഎൽ പതിനഞ്ചാം പതിപ്പിനായുള്ള ഒരുക്കങ്ങൾ നടക്കവെയാണ് കഴിഞ്ഞ മാസം താൻ എല്ലാ ഫോർമാറ്റിൽ നിന്നം വിരമിക്കുകയാണെന്ന് ഡിവില്ലിയേഴ്സ് പ്രഖ്യാപിച്ചത്. ഇതോടെ ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിന് കളിക്കാരനെന്ന നിലയിൽ ഡിവില്ലിയേഴ്സിന്റെ സേവനം ഇനി ലഭിക്കില്ല. എന്നാൽ ഈ ദക്ഷിണാഫ്രിക്കൻ താരം ഒരുപക്ഷെ ആർസിബിയിലേക്ക് പരിശീലകറോളിൽ തിരിച്ചെത്തിയേക്കും. ആർസിബി പരിശീലകൻ സഞ്ജയ് ബം​ഗാറാണ് ഇത്തരമൊരു സൂചന നൽകിയത്.

ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റിനായുള്ള സ്റ്റാർ സ്പോർട്സിന്റെ കമന്ററി പാനലിൽ ബം​ഗാറുമുണ്ടായിരുന്നു. ഈ കമന്ററിക്കിടെ അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പല താരങ്ങളും ഐപിഎൽ ഫ്രാഞ്ചൈസികളിൽ പുതിയ റോൾ ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നതായി ബം​ഗാർ പറഞ്ഞു. ഇതിനുതുടർച്ചയായാണ് ഡിവില്ലിയേഴ്സ് ആർസിബി ബാറ്റിങ് പരിശീലകനായി വരുകയാണെങ്കിൽ അത് കളിക്കാർക്കും ടീമിനും ഏറെ ​ഗുണം ചെയ്യുമെന്നും ബം​ഗാർ പറഞ്ഞു. കമന്ററിയും ഭാ​ഗമായി ബം​ഗാർ പറഞ്ഞതാണിതെങ്കിലും ആർസിബി ആരാധകർ ഇതോടെ പ്രതീക്ഷയിലാണ്.