നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സുമായി ഉടന്‍ കരാറില്‍ ഒപ്പിടുമെന്ന് സൂചന. നിലവില്‍ നോര്‍ത്ത് ഈസ്റ്റിന്റെ താരമായ ഹക്കു സീസണില്‍ ചില ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്നു. നേരത്തെ, മുംബൈ സിറ്റിയുടെ മലയാളി താരം എന്‍. പി. സക്കീറിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് 12 ലക്ഷം രൂപയ്ക്ക് ഈ 22കാരനെ ലേലത്തില്‍ പിടിച്ചത്.
സ്റ്റാര്‍ സ്പോര്‍ട്സ് വാണിയന്നൂരിലൂടെ സജീവമായ അബ്ദുള്‍ ഹക്കു പ്ലസ്ടു പഠനകാലത്താണ് ഫുട്ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. സാറ്റിലെ ആറുമാസത്തെ പരിശീലന കാലത്തുതന്നെ പുണെ ഡിഎസ്കെ ശിവജിയന്‍സ് ജൂനിയര്‍ ടീമില്‍ ഇടംനേടി. തുടര്‍ന്ന് സീനിയര്‍ ടീമിലും. മുന്നേറ്റ നിരയില്‍നിന്ന് മാറി പ്രതിരോധനിരയിലെത്തി ടീമിന്റെ നെടുംതൂണായി. 2015-16ല്‍ ഐ ലീഗില്‍ തുടക്കം. ഒപ്പം മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും ജേഴ്സിയണിഞ്ഞു. പിന്നീട് നേരെ ഐഎസ്എല്ലിലേക്കും.
ഹക്കുവിന്റെ പ്രധാന ആയുധം ഉയരമാണ്. തന്റെ ഉയരത്തെ കളത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താരം കളത്തിലെ അര്‍പ്പണബോധം കൊണ്ടും മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്ഥനാണ്. അടുത്ത സീസണില്‍ ടീമിലെ പ്രധാന താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയും ടീമില്‍ ഉണ്ടായേക്കില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന സൂചന.