SHARE

ഓസ്‌ട്രേലിയയ്‌ക്കെതിരേ തോറ്റെങ്കിലും പന്തുകൊണ്ട് തിളങ്ങിയ മുഹമ്മദ് ആമിറിനെ ആരാധകര്‍ക്ക് ശരിക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ ആ പ്രകടനത്തിന്റെ ചൂടാറുംമുമ്പ് പഴയ കാര്യങ്ങള്‍ വിളമ്പി വിവാദം വരുത്തി വച്ചിരിക്കുകയാണ് അബ്ദുള്‍ റസാഖ്. ആമിര്‍ ഒത്തുകളിക്ക് വിലക്ക് വാങ്ങിയ സംഭവമാണ് റസാഖ് വെളിപ്പെടുത്തിയത്.

ഇംഗ്ലീഷ് പര്യടനത്തിനിടെയായിരുന്നു സംഭവം. അന്ന് ടീം നായകനായിരുന്ന ഷാഹിദ് അഫ്രീദി ആമിറിനോടു വിശദീകരണം തേടുമ്പോള്‍ താനും കൂടെയുണ്ടായിരുന്നുവെന്ന് റസാഖ് പറഞ്ഞു. എന്നാല്‍ എന്നോട് പുറത്തിറങ്ങാന്‍ അഫ്രീദി ആവശ്യപ്പെട്ടു. പിന്നാലെ ആമിറിന് അടി കിട്ടുന്ന ശബ്ദമാണ് കേട്ടത്. ശേഷം ആമിര്‍ എല്ലാം ക്യാപ്റ്റനോട് തുറന്ന് പറയുകയായിരുന്നുവെന്ന് റസാഖ് പറഞ്ഞു.

സല്‍മാന്‍ ബട്ട് മുമ്പും ഒത്തുകളിച്ചിരുന്നതായും റസാഖ് അഭിപ്രായപ്പെട്ടു. ഇക്കാര്യം അഫ്രീദിയെ ധരിപ്പിച്ചിരുന്നു. വിന്‍ഡീസിനെതിരെ ഒരു ട്വന്റി20 മല്‍സരത്തില്‍ ബട്ടിനൊപ്പം ബാറ്റു ചെയ്യുമ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഇന്നിങ്‌സിനിടെ സ്‌ട്രൈക്ക് കൈമാറാന്‍ ഞാന്‍ സല്‍മാനോട് ആവശ്യപ്പെട്ടു. എന്നാല്‍ മിക്ക ഓവറുകള്‍ രണ്ടോ മൂന്നോ പന്ത് പാഴാക്കിയ ശേഷമാണ് അദ്ദേഹം സ്‌ട്രൈക്ക് കൈമാറിയിരുന്നത്. ഇതോടെ ഞാന്‍ സമ്മര്‍ദ്ദത്തിലായി പെട്ടെന്ന് തന്നെ പുറത്തായെന്നും റസാഖ് പറയുന്നു.