SHARE

കർണാടക പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദത്തിൽ മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനേയും ചോദ്യം ചെയ്യും. നേരത്തെ ഇതേ വിവാദവുമായി ബന്ധപ്പെട്ട് കുറച്ച് താരങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര താരമാണ് അഭിമന്യു മിഥുൻ.

കർണാടക പ്രീമിയർ ലീഗിൽ ശിവമോഗ ലയൺസിന്റെ നായകനായിരുന്നു മിഥുൻ. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് മിഥുനെ ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കർണാടക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തിൽ ഇത് വരെ 8 അറസ്റ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റിലെ ടീമുകളിലൊന്നായ ബെൽഗാവി പാന്തേഴ്സിന്റെ ഉടമ അലി അസ്ഫക് താര ഉൾപ്പെടെയുള്ളവരാണ് ഈ ലിസ്റ്റിൽ ഉള്ളത്.

സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫ്രാഞ്ചൈസി ടി20 ലീഗാണ് കർണാടക പ്രീമിയർ ലീഗ്. 2008 ൽ ആരംഭിച്ച കെപിഎല്ലിൽ (കർണാടക പ്രീമിയർ ലീഗ്) തിളങ്ങുന്ന പല അഭ്യന്തര താരങ്ങളും ഈ പ്രകടനമികവിൽ ഐപിഎൽ ടീമുകളിലേക്ക് എത്തുന്നത് ഇപ്പോൾ പതിവാണ്.