SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് വിഖ്യാത താരം എറിക്ക് അബിദാലിന് ഇനി അധികം ആയുസില്ലെന്ന് റിപ്പോർട്ടുകൾ. കളിക്കാരുടേയും ടീം മാനേജ്മെന്റിന്റേയും വിശ്വാസം നഷ്ടമായതോടെ അബിദാൽ പുറത്തേക്കുള്ള വഴിയിലാണെന്നാണ് സൂചന.

ബാഴ്സയുടെ സൂപ്പർതാരമായിരുന്ന അബിദാൽ 2018-ലാണ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത് ക്ലബിൽ തിരിച്ചെത്തുന്നത്. എന്നാൽ ഈ സീസണിന്റെ തുടക്കം മുതൽ തന്നെ അബിദാലും ബാഴ്സ താരങ്ങളും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. പ്രത്യേകിച്ച് ക്ലബ് ക്യാപ്റ്റൻ കൂടിയായ ലയണൽ മെസിയാണ് പലപ്പോഴും അബിദാലിനെതിരെ രം​ഗത്തെത്തിയത്. തുടർച്ചയായി അബിദാലും താരങ്ങളും തമ്മിൽ കൊമ്പുകോർത്തതോടെ ടീമിലെ അന്തരീക്ഷം അത്ര സുഖമല്ല എന്ന പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. ഏറ്റവുമൊടുവിൽ കറോണ വൈറസ് ബാ​ധയെത്തുടർന്ന് ബാഴ്സ താരങ്ങൾ പ്രതിഫലം വെട്ടിച്ചുരുക്കുന്നതും വിവാദത്തിലായിരുന്നു.

ഈ സാഹചര്യത്തിൽ ക്ലബ് നേതൃത്വം ഇടപെട്ടെന്നാണ് റിപ്പോർട്ടുകൾ. കളിക്കാരും ടീം മാനേജ്മെന്റും തമ്മിലുള്ള ചർച്ചകളിൽ ഇടിനിലക്കാരനാകാൻ അബിദാൽ വേണ്ടെന്ന് ക്ലബ് പ്രസിഡന്റ് ജോസെപ് ബെർത്തെമ്യു തീരുമാനിച്ചതായാണ് സൂചന. അതേസമയം തന്നെ സീസൺ അവസാനത്തോടെ അബിദാൽ ക്ലബിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ചില വാർത്തകൾ വരുന്നുണ്ട്.