SHARE

”അന്ന് ബാഴ്‌സലോണയുടെ മത്സരം നടക്കുന്ന ദിവസമായിരുന്നു, കരളിന് അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്ന ഞാന്‍ വളരെ ക്ഷീണിതനായിരുന്നു . മത്സരത്തിന് മുന്നോടിയായി ബാഴ്‌സയിലെ സഹതാരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ എന്റെ വീഡിയോ അവര്‍ക്ക് അയച്ചു നല്‍കി, എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസി, എന്നോടാവശ്യപ്പെട്ടു, ഇത്തരത്തിലുള്ള വീഡിയോകള്‍ അയക്കരുതെന്ന്”

പറയുന്നത് മറ്റാരുമല്ല, ഫ്രാന്‍സിന്റേയും ബാഴ്‌സലോണയുടേയും പ്രതിരോധ താരമായിരുന്ന എറിക് അബിദാലാണ്. അസുഖബാധിതനായുള്ള തന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നത് സഹതാരങ്ങളെ വിഷമിപ്പിക്കും, അതിനാലാണ് അവ അയക്കരുതെന്ന് മെസി ആവശ്യപ്പെട്ടത്, അബിദാല്‍ പറഞ്ഞു. കാനല്‍ പ്ലസിനോടാണ് അബിദാല്‍ ഇക്കാര്യം പറഞ്ഞത്.ദേശീയടീമിലും ബാഴ്‌സയിലും സഹതാരമായിരുന്ന തിയറി ഹെന്റി തന്നെ കാണാനെത്തിയപ്പോള്‍ , താന്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞെന്നും അബിദാല്‍ വെളിപ്പെടുത്തി.

2011-ല്‍ ബാഴ്‌സലോണയില്‍ കളിക്കുമ്പോളാണ് അബിദാലിന് അര്‍ബുദം ബാധിച്ച വിവരം അറിഞ്ഞത്. 2012-ല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി, അന്ന് സഹതാരമായിരുന്ന ഡാനി ആല്‍വസ്, അബിദാലിന് കരള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു, എന്നാല്‍ അബിദാല്‍ തന്നെ അത് നിരസിച്ചിരുന്നു. അസുഖബാധിതനായിരുന്ന കാലത്ത് ടീം അംഗങ്ങള്‍ അബിദാലിന് വലിയ പിന്തുണ നല്‍കിയിരുന്നു.

പിന്നീട് 2013-ലാണ് അബിദാല്‍ ബാഴ്‌സ വിടുന്നത്.
38-കാരനായ അദ്ദേഹം 2004-ലാണ് ഫ്രാന്‍സ് ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 2006 ലോകപ്പിലടക്കം ഫ്രാന്‍സിനായി 67 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 2014-ല്‍ ഫുട്‌ബോളില്‍ നിന്ന് അബിദാല്‍ വിരമിച്ചു.