SHARE

ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ പരിശീലകനായി സ്റ്റെഫാനോ പിയോലിയെ നിയമിച്ചു. സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് മാർക്കോ ജിയാംപോളോയെ പുറത്താക്കി മണിക്കൂറുകൾക്കകമാണ് പിയോലിയുടെ നിയമനം.

എ.സി.മിലാന്റെ കടുത്ത എതിരാളികളായ ഇന്റർ മിലാന്റെ മുൻ പരിശീലകനാണ് പിയോലി. 2016-17 സീസണിലായിരുന്നു പിയോലി ഇന്ററിനെ കളിപഠിപ്പിച്ചത്. തുടർന്ന് രണ്ട് സീസണുകളിൽ ഫിയോറെന്റിന പരിശീലകനായിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തോടെ ഫിയോറെന്റിന വിട്ട പിയോലി പിന്നീടിപ്പോഴാണ് പരിശീലകവേഷത്തിൽ തിരിച്ചെത്തുന്നത്.

പാർമ, സസ്സോളോ, പാലെർമോ, ലാസിയോ തുടങ്ങിയ ടീമുകളേയും പിയോലി പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ രണ്ടര വർഷത്തെ കരാറിലാണ് പിയോലിയുടെ നിയമനം. സീസണിൽ നിലവിൽ 13-ാം സ്ഥാനത്തുള്ള മിലാനിൽ കടുത്ത വെല്ലുവിളിയാണ് പിയോലിയെ കാത്തിരിക്കുന്നത്.