SHARE

സെരി എയിൽ ഇന്റർ മിലാനെ പിന്തള്ളി ചിരവൈരികളായ എ.സി.മിലാൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്വന്തം മൈതാനമായ സാൻസിറോയിൽ നടന്ന മത്സരത്തിൽ സസ്സോളോയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് മിലാൻ പോയിന്റ് പട്ടികയിൽ മുന്നേറിയത്.

ഏറെ നാളുകൾക്ക് ശേഷമാണ് എ.സി.മിലാൻ ലീ​ഗ് പോയിന്റ് പട്ടികയിൽ എത്രയേറെ മുന്നിലെത്തുന്നത്. എന്നാൽ മത്സരം വിജയിച്ചെങ്കിലും മിലാൻ പരിശീലകൻ ​ഗെന്നാരോ ​ഗട്ടൂസോ പൂർണ തൃപ്തനല്ല. മത്സരത്തിന്റെ ആദ്യ പകുതിയിൽ സസ്സോളോ താരം പോൾ ലിറോളയുടെ സെൽഫ്​ ​ഗോളാണ് മിലാനെ സഹായിച്ചത്. മിലാൻ മുൻനിരയും മധ്യനിരയും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. നായകൻ അലെസിയോ റോമ​ഗ്നോളി നയിക്കുന്ന പ്രതിരോധവും ​ഗോളി ജിയാൻലൂയി ഡോണറുമയും മികവ് പുലർത്തിയതാണ് മിലാനെ രക്ഷിച്ചത്

അതേസമയം ലീ​ഗിൽ മൂന്നാം സ്ഥാനത്തേക്കെത്തിയതോടെ ചാമ്പ്യൻസ് ലീ​ഗിൽ സ്ഥാനമുറപ്പാക്കാനുള്ള ശ്രമങ്ങൾ മിലാൻ ഊർജിതമാക്കുകയാണ്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീ​ഗ് കളിക്കാനാകുക. ഒരിക്കൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായിരുന്ന മിലാൻ 2013-ന് ശേഷം ചാമ്പ്യൻസ് ലീ​ഗ് കളിച്ചിട്ടില്ല