SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് എ.സി.മിലാന് അടുത്ത സീസണിൽ പുതിയ പരിശീലകൻ എത്തിയേക്കും. നിലവിലെ പരിശീലകൻ സ്റ്റെഫാനോ പിയോലിയെ ദീർഘകാലത്തേക്ക് പരി​ഗണിക്കാനാകില്ലെന്ന് ക്ലബ് തീരുമാനിച്ചതോടെയാണിത്.

പുതിയ പരിശീലകനെ കൊണ്ടുവരാനാണ് ശ്രമമെങ്കിലും മിലാന് ഇക്കാര്യത്തിൽ അധികം തുലപകയ്ക്കേണ്ടി വരില്ലെന്നാണ് സൂചന. സ്പാനിഷ് പരിശീലകന് മാഴ്സെലീന്യോ എന്ന ഒറ്റ പേരിൽ മാത്രം ശ്രമം ശക്തിപ്പെടുത്താനാണ് മിലാൻ ആലോചിക്കുന്നത്. സ്പാനിഷ് ക്ലബ് വലൻസിയയുടെ പരിശീലകനെന്ന നിലയിൽ ശ്രദ്ധേയനായ മാഴ്സെലീന്യോ നിലവിൽ ക്ലബുകളൊന്നുമില്ലാതെ നിൽക്കുകയാണ്. മിലാൻ അധികൃതരും മാഴ്സെലീന്യോ പ്രതിനിധികളുമായി ചർച്ചകൾ അതിവേ​ഗം പുരോ​ഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇരുകൂട്ടരും ഔദ്യ​ഗികമായി ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.

ചാമ്പ്യൻസ് ലീ​ഗിലേക്ക് മടങ്ങിയെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഈ സീസണിൽ മാർക്കോ ജിയാംപോളയെ പരിശീലകനാക്കിയാണ് മിലാൻ തുടങ്ങിയത്. എന്നാൽ മികച്ച ഫലം കിട്ടാതായതോടെ ജിയാംപോളോ പുറത്തായി. പിന്നാലെ പിയോലി എത്തി. പിയോലിയുടേയും തുടക്കം മോശമായിരുന്നു. എന്നാൽ അടുത്തിടെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയതിന് പിന്നാലെ ക്ലബിന് ഒരു ഉണർവ് കൈവന്നിട്ടുണ്ട്.

ഇബ്രാഹിമോവിച്ച് തുടരാൻ തീരുമാനിച്ചാൽ മറ്റൊരു മുൻ താരം തിയാ​ഗോ സിൽവയും ടീമിലെത്തിയേക്കും. ഇതോടെ അടുത്ത സീസണിൽ വീണ്ടും ടോപ് ഫോർ സ്വപ്നം കാണാമെന്ന പ്രതീക്ഷയാണ് മിലാന്. ഇതോടെയാണ് വലൻസിയയിൽ മികവ് തെളിയിച്ചിട്ടുള്ള മാഴ്സെലീന്യോയിൽ കണ്ണുടക്കിയത്.