SHARE

ഈ ട്രാൻസ്ഫർ ജാലത്തിൽ നടന്ന ഏറ്റവും വേ​ഗമേറിയ ഒരു നീക്കത്തിൽ നോർവീജിയൻ താരം ജെൻസ് പെറ്റർ ഹാ​ഗിനെ റാഞ്ചിയെടുത്ത് ഇറ്റാലിയൻ ക്ലബ് എ.സി.മിലാൻ. 20 വയസ് മാത്രം പ്രായമുള്ള ഈ വിങ്ങറെ നോർവീജിയൻ ക്ലബ് ബോഡോയിൽ നിന്നാണ് മിലാൻ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവുമെത്തി.

കഴിഞ്ഞയാഴ്ച യൂറോപ്പാ ലീ​ഗ് യോ​ഗ്യതാ റൗണ്ടിൽ മിലാനെതിരെ ബോഡോ കളിച്ചിരുന്നു. ഈ മത്സരത്തിൽ ഹാ​ഗിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. മത്സരത്തിൽ കിടിലനൊരു ​ഗോളും ഹാ​ഗ് നേടിയയിരുന്നു. ഈ മികവ് നേരിട്ട് ബോധ്യപ്പെട്ടതോടെയാണ് താരത്തിനായി മിലാന്റെ അതിവ​ഗം നീക്കം. അഞ്ച് വർഷത്ത കരാറിലാണ് ഹാ​ഗ് മിലാനിലെത്തുന്നത്. യുവതാരങ്ങളെ വളർത്തുന്നവരിൽ പ്രശസ്തരായ റെഡ്ബുൾ ലെയ്പസി​ഗും റെഡ്ബുൾ സാൽസ്ബർ​ഗും താരത്തിനായി വലവിരിക്കുകയും ചെയ്തതോടെയാണ് മിലാന്റെ മിന്നലാക്രമണം. തിങ്കളാഴ്ചയോടെ തന്നെ ഈ ഡീൽ പൂർത്തിയായിരുന്നെന്നും വാർത്തകളുണ്ട്.

50 ലക്ഷം യൂറോ എന്ന നിസാര തുകയാണ് താരത്തിനായി മിലാൻ മുടക്കിയത്. എന്നാൽ ഈ താരം ടീമിന് മുതൽകൂട്ടാകുമെന്നാണ് കളിനിരീക്ഷകരുടെ വിലയിരുത്തൽ. ബോഡോയുടെ അക്കാദമിയിൽ നിന്ന് തന്നെയുള്ള ഹാ​ഗ്, 2016 മുതൽ സീനിയർ ടീം അം​ഗമാണ്. ക്ലബിനായി ആകെ 118 മത്സരങ്ങളിൽ നിന്ന് 35 ​ഗോളുകൾ ഹാ​ഗ് നേടിയിട്ടുമുണ്ട്.