കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി നായകൻ വിരാട് കോഹ്ലി. ഇന്നലെ മത്സരത്തിന് ശേഷം സംസാരിക്കവെയായിരുന്നു തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി കോഹ്ലി വ്യക്തമാക്കിയത്.
പഞ്ചാബിനെതിരായ മത്സരത്തിൽ ബോളിംഗിന്റെ പകുതി സമയം വരെ ബാംഗ്ലൂർ മികച്ചു നിന്നതായാണ് കോഹ്ലിയുടെ പക്ഷം. എന്നാൽ പിന്നീട് സംഭവിച്ചതിന്റെ ആഘാതം താൻ ഏറ്റെടുക്കണമെന്നും 30, 40 റൺസ് അവർ അവസാനം അധികം നേടിയതായും അദ്ദേഹം ഇതിനൊപ്പം കൂട്ടിച്ചേർത്തു. 180 ൽ പഞ്ചാബ് സ്കോറിനെ തളയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ആദ്യ പന്ത് മുതൽ ആക്രമിക്കേണ്ട അവസ്ഥ തങ്ങൾക്ക് വരില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കോഹ്ലി, ഇത് പോലുള്ള കാര്യങ്ങൾ ഇടയ്ക്ക് സംഭവിക്കുമെന്നും, ചെറിയ തെറ്റുകൾ പരിഹരിച്ച് മുന്നോട്ട് പോയേ തീരൂവെന്നും ഇതിനൊപ്പം കൂട്ടിച്ചേർത്തു.
അതേ സമയം കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ 97 റൺസിന്റെ ദയനീയ പരാജയമായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നായകൻ കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 206/3 എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ, ബാംഗ്ലൂർ 109 റൺസിൽ ഓളൗട്ടാവുകയായിരുന്നു.