SHARE
അൽവാരോ വാസ്ക്വസ്

സ്പാനിഷ് സെഗുണ്ട ഡിവിഷ‌ൻ‌ ടീമായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ താരം അൽവാരോ വസ്ക്വസ് കേരളാ ബ്ലാസ്റ്റേഴിലെത്തുമെന്ന് സൂചന‌. കരാറുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ ധാരണയിൽ എത്തിക്കഴിഞ്ഞതായും, ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളൂവെന്നുമാണ് റിപ്പോർട്ട്. എട്ടാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായി ഒരു ക്ലബ്ബ് നടത്തുന്ന ഏറ്റവും മികച്ച നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്ന് രാവിലെ കരാർ കാര്യത്തിൽ ധാരണയിലെത്തിയതിന് പിന്നാലെ വസ്ക്വസ്, സ്പോർട്ടിംഗ് ഗിജോണിലെ‌ തന്റെ സഹപ്രവർത്തകരോട് യാത്ര പറഞ്ഞതായും ഒരു വർഷത്തെ കരാർ താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെക്കുമെന്നുമാണ് സ്പാനിഷ് മാധ്യമമായ റേഡിയോ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്‌. ഉടൻ തന്നെ കരാർ ഔദ്യോഗികമാകുമെന്നാണ് സൂചന.

അതേ‌ സമയം സ്പോർട്ടിംഗ് ഗിജോണിന് പുറമേ സ്പാനിഷ് സൂപ്പർ ക്ലബ്ബുകളായ എസ്പാന്യോൾ, ഗെറ്റാഫെ, റയൽ സരഗോസ എന്നിവർക്കായും കളിച്ചിട്ടുള്ള അൽവാരോ വസ്ക്വസ്, ഒരു സീസണിൽ ഇംഗ്ലീഷ് ക്ലബ്ബായ സ്വാൻസിയ‌ സിറ്റിക്കായും ബൂട്ടുകെട്ടി. 2019 മുതൽ സ്പോർട്ടിംഗ് ഗിജോണിന് വേണ്ടി കളിക്കുന്ന ഈ മുപ്പതുകാരൻ അവർക്കായി 53 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ സ്കോർ ചെയ്തു‌. ക്ലബ്ബുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും അത് റദ്ദാക്കിയാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.