SHARE

വനിതാ ചാമ്പ്യൻസ് ലീ​ഗിൽ ഏറ്റവുമധികം ​ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഇനി നോർ‍വീജിയൻ താരം അഡ ഹെ​ഗർബർ​ഗിന്. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനായി കളിക്കുന്ന അഡ ഇന്നലെ ഡെന്മാർക്ക് ക്ലബ് ഫോർച്ച്യൂണ ഹോറിങ്ങിനെതിരെ നേടിയ ഇരട്ട​ഗോളോടെയാണ് ഈ നേട്ടം കൈവരിച്ചത്.

വനിതാ ചാമ്പ്യൻസ് ലീ​ഗിൽ പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിലാണ് ഫോർച്യൂണക്കെതിരായ അഡയുടെ ഇരട്ട​ഗോൾ. ഇതോടെ ചാമ്പ്യൻസ് ലീ​ഗ് കരിയറിൽ നോർവീജിയൻ താരത്തിന്റെ പേരിൽ 53 ​ഗോളുകളായി. 51 മത്സരങ്ങളിൽ നിന്നാണ് 24-കാരനായി അഡയുടെ ഈ നേട്ടം. 51 യൂറോപ്യൻ ​ഗോളുകൾ നേടിയിട്ടുള്ള ജർമൻ താരം അൻജ മിത്താജിനെയാണ് അഡ പിന്നിലാക്കിയത്.

വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അഡ. കഴിഞ്ഞ വർഷം അവതരിപ്പിച്ച വനിതാ ബാലൺ ദി ഓർ ആദ്യമായി നേടിയതും അഡയാണ്. ലിയോണിനൊപ്പം നാല് ചാമ്പ്യൻസ് ലീ​ഗ് കിരീടം ചൂടിയ അഡ കഴിഞ്ഞ വർഷം ഫൈനലിൽ ഹാട്രിക്കും നേടിയിരുന്നു.