SHARE

ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ആഡം ഗിൽക്രിസ്റ്റ്. ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകം അടക്കി വാണിരുന്ന സമയത്ത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്ന ഗിൽക്രിസ്റ്റ് 2008 ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്‌.

2008 ൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗിൽക്രിസ്റ്റ്, പിന്നാലെ‌ ഇന്ത്യയ്ക്കെതിരെ നടന്ന ടി20, ഏകദിന പരമ്പരകൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിക്കുകയായിരുന്നു. ഇപ്പോളിതാ വിരമിച്ച് 12 വർഷങ്ങൾ കഴിഞ്ഞപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള തന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്ലി.

-Advertisement-

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്‌ ശേഷം‌ ഗിൽക്രിസ്റ്റ് വിരമിക്കുമെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് നിഷേധിച്ച് കൊണ്ടായിരുന്നു താരം ഈ പരമ്പരയിൽ കളിച്ചത്. എന്നാൽ പരമ്പരയിലെ നാലാം ടെസ്റ്റിനിടെ താൻ വിരമിക്കാൻ പോവുകയാണെന്ന്‌ ഗിൽക്രിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ താരം വിവിഎസ് ലക്ഷ്മണിന്റെ ക്യാച്ച് നിലത്തിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ താൻ തീരുമാനിച്ചതെന്നാണ് ഗിൽക്രിസ്റ്റിന്റെ വെളിപ്പെടുത്തൽ.

” ഒരു ടെസ്റ്റ് മത്സരത്തിൽ ലക്ഷ്മണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുന്നത്‌ വിരമിക്കുന്നതിന് നല്ലൊരു കാരണമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകാൻ ആരും ഇഷ്ടപ്പെടുന്നില്ല.” ഗിൽക്രിസ്റ്റ് പറയുന്നു.