SHARE

ആഫ്രിക്കൻ രാജ്യമായ ടോ​ഗോയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എമ്മാനുവൽ അഡേബയോർ തുർക്കി ക്ലബ് കയ്സെരിസ്പോർ വിട്ടു. മൂന്ന് മാസം മുമ്പ് മാത്രം ക്ലബിലെത്തിയ താരമാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കരാർ റദ്ദാക്കിയത്. ഇതോടെ അഡേബയോർ കളിക്കളത്തിൽ നിന്ന് വിരമിച്ചേക്കും എന്ന സൂചനയുമുണ്ട്.

ഇം​ഗ്ലീഷ് സൂപ്പർ ക്ലബുകളായ ആഴ്സനൽ,മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം,ക്രിസ്റ്റൽ പാലസ് തുടങ്ങിയയിടങ്ങളിലൊക്കെ കളിച്ച ശേഷം 2016-ലാണ് അഡേബയോർ തുർക്കിയിലെത്തുന്നത്. മൂന്ന് സീസൺ സൂപ്പർക്ലബായ ഇസ്താംബൂൾ ബസ്ക്ഷെറിനൊപ്പമായിരുന്നു കളിച്ചത്. തുടർന്ന് കരാർ അവസാനിച്ചതോടെയാണ് ഓ​ഗ്സ്റ്റിൽ കയ്സെരിസ്പോറിലെത്തിയത്.

-Advertisement-

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ക്ലബിനായി അഡെബയോർ ​ഗോൾ നേടിയിരുന്നു. തുടർന്ന് ഇന്നലെയാണ് ക്ലബ് വിടുന്ന കാര്യം 35-കാരനായ ഈ സ്ട്രൈക്കർ അറിയിച്ചത്.

തനിക്ക് അൽപ്പം വിശ്രമിക്കണമെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴക്കണമെന്നുമാണ് ക്ലബ് വിടുന്നതിന് അഡെബയോർ പറഞ്ഞ കാരണം. ഇതോടെയാണ് താരം വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. അതേസമയം തുർക്കി ക്ലബിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും താരത്തെ ക്ലബ് വിടുന്നതിന് പ്രേരിപ്പിച്ചതായും ചില സൂചനകളുണ്ട്.