റഷ്യന്‍ ലോകകപ്പില്‍ അഡിഡാസ് നിര്‍മ്മിച്ച ടെല്‍സ്റ്റാര്‍ പന്തുകളാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ജൂണ്‍ 30ന് ആരംഭിക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന പുതിയ പന്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് അഡിഡാസ്. ഫിഫ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ടെല്‍സ്റ്റാര്‍ മെഷ്റ്റ എന്ന പേരിലുള്ള പന്താണ് പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. റഷ്യന്‍ ഭാഷയില്‍ മെഷ്റ്റ എന്നാല്‍ സ്വപ്നം, ആഗ്രഹം എന്നൊക്കെയാണ് അര്‍ത്ഥം. ചുവപ്പും കറുപ്പും നിറത്തില്‍ ഡിസൈനുകള്‍ അടങ്ങിയ പന്താണ് ടെല്‍സ്റ്റാര്‍ മെഷ്റ്റ. ആതിഥേയരായ റഷ്യയുമായി ബന്ധപ്പെട്ട നിറമായതിനാലാണ് ചുവപ്പിന് പന്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.
ജൂണ്‍ 14ന് ആരംഭിച്ച ലോകകപ്പില്‍ ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ജൂണ്‍ 30ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും ജൂലൈ ആറിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ജൂലൈ 10, 11 തിയ്യതികളിലാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍. 14ന് ലൂസേഴ്സ് ഫൈനലും 15ന് കലാശപ്പോരാട്ടവും നടക്കുന്നതോടെ ലോകകപ്പിന് തിരശ്ശീല വീഴുകയും ചെയ്യും.