SHARE

ഐഎസ്എല്ലിന്റെ എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് യുറു​ഗ്വെ താരം അഡ്രിയാൻ ലൂണ. ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യം പ്രഖ്യാപിച്ച വിദേശസൈനിങ് ലൂണയുടേതായിരുന്നു. ആദ്യം കൊച്ചിയിലെത്തിയ വിദേശതാരവും ലൂണ തന്നെ.

പ്രീ സീസണിലെ മികച്ച പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തിരുന്നു ലൂണ. പിന്നാലെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബ​ഗാനെതിരേയും ലൂണ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. മിഡ്ഫീൽഡർ എന്ന നിലയിലാണ് ലൂണയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. എന്നാൽ ലൂണ ഏത് പൊസിഷനിലും കളിക്കുന്ന താരമാണ്. എങ്കിലും സ്ട്രൈക്കറുടെ പിന്നിലായി കളിക്കുന്നതാണ് തനിക്ക് താൽപര്യമെന്നാണ് ലൂണ പറഞ്ഞത്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനൊപ്പം പത്രസമ്മേളനത്തിൽ‍ പങ്കെടുക്കുമ്പോഴാണ് ലൂണ ഇത് പറഞ്ഞത്.

ഏത് പൊസിഷനിലാണ് കളിക്കുന്നത് എന്നത് എനിക്ക് പ്രധാനമല്ല, ടീമിന് വേണ്ടി കളിക്കുക എന്നതാണ് മുഖ്യം, പക്ഷെ എനിക്ക് പൊസിഷൻ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിൽ അത് സ്ട്രൈക്കറിന് പിന്നിലായി കളിക്കാനാണ്, കാരണം കളിക്കാരനെന്ന നിലയിൽ ഏറ്റവുമധികം സ്വാതത്ര്യം കിട്ടുന്നത് ആ പൊസിഷനിലാണ്, ലൂണ പറഞ്ഞു.