അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ ലൂണ ടീമിനൊപ്പമുണ്ടാകില്ല എന്ന് ക്ലബ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഐഎസ്എല്ലിൽ വിവാദമായ പ്ലേ ഓഫിൽ പുറത്തായ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കൊച്ചിയിൽ സൂപ്പർ കപ്പിനായി തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ദിമിത്രിയോസ് ദിയാമെന്റാക്കോസ് അടക്കമുള്ള വിദേശതാരങ്ങൾ ടീമിനൊപ്പമുണ്ട്. എന്നാൽ ഐഎസ്എല്ലിന് ശേഷം യുറുഗ്വേയിലേക്ക് പോയ ലൂണയ്ക്ക്, തുടർന്നും അവധി അനുവദിച്ചിരിക്കുകയാണ് ക്ലബിപ്പോൾ.
ഏപ്രിൽ എട്ടിന് ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ ആദ്യ മത്സരം. 16-ന് ബെംഗളുരുവിനേയും ബ്ലാസറ്റേഴ്സ് നേരിടും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങളെല്ലാം അരങ്ങേറുന്നത്.